കാസർകോട്: കാഞ്ഞങ്ങാട് പോലീസിനെ കണ്ട് ഭയന്ന് ഓടിയ 24 കാരൻ കിണറ്റിൽ വീണ് മരിച്ചു. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
അമ്പലത്തറ എണ്ണപ്പാറയിൽവച്ചായിരുന്നു വിഷ്ണു കിണറ്റിൽ വീണത്. രാത്രി സമീപത്തെ ഫുട്‌ബോൾ ഗ്രൗണ്ടിൽ കുലുക്കികുത്ത് കളിക്കുകയായിരുന്നു വിഷ്ണു. ഇതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ഇവിടെയെത്തി. ഇതോടെ വിഷ്ണു ഭയന്ന് ഓടുകയായിരുന്നു. ഇതിനിടെ ഗ്രൗണ്ടിനോട് ചേർന്നുള്ള കുമാരൻ എന്നയാളുടെ പറമ്പിലെ കിണറ്റിൽ കാൽവഴുതി വീഴുകയായിരുന്നു.
20 കോൽ താഴ്ചയുള്ള കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. കിണറ്റിൽ തലയിടിച്ച് വീണ വിഷ്ണുവിനെ ബഹളം കേട്ടെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post