പാലക്കാട്: കോടി വിലമതിക്കുന്ന ഭൂമി സേവാഭാരതിയ്ക്ക് ദാനം നൽകി ഏറാട്ടു പറമ്പ് പാറുക്കുട്ടി. വടക്കഞ്ചേരി സേവാഭാരതിയ്ക്കാണ് പാറുക്കുട്ടി ഭൂമി ദാനമായി നൽകിയത്. പാറുക്കുട്ടിയമ്മയിൽ നിന്നും സേവാഭാരതി കാര്യകർത്താക്കൾ
രേഖകൾ ഏറ്റുവാങ്ങി.
ഏറാട്ട് പറമ്പ് തറവാടിനോട് ചേർന്നുള്ള 69 സെന്റ് ഭൂമിയാണ് പാറുക്കുട്ടിയമ്മ സേവാഭാരതിയ്ക്ക് നൽകിയത്. തറവാട് ഭാഗം വയ്ക്കുമ്പോൾ ലഭിച്ചതാണ് ഇന്ന് ഒരു കോടി രൂപ വിലമതിക്കുന്ന ഈ ഭൂമി. മക്കളുടെ പൂർണ അനുവാദത്തോടെയാണ് പാറുക്കുട്ടിയമ്മ ഭൂമി സേവാ ഭാരതിയ്ക്ക് നൽകിയത്.
മക്കളിൽ ഒരാളുടെ മരണ ശേഷം ഹൈദരാബാദിൽ ആയിരുന്നു പാറുക്കുട്ടിയമ്മ. ആ സമയം പാറുക്കുട്ടിയമ്മയുമായി അടുപ്പമുണ്ടായിരുന്ന സമീപത്തെ പള്ളിയിലെ വികാരിയ്ക്കായിരുന്നു ഭൂമിയുടെ മേൽനോട്ട ചുമതല. എന്നാൽ തിരികെ നാട്ടിൽ എത്തിയപ്പോൾ ഭൂമി കയ്യേറിയതായി വ്യക്തമായി. ഇതോടെ നിയമപരമായി ഭൂമി വീണ്ടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി സേവാഭാരതിയ്ക്ക് കൈമാറിയത്.
നാല് മാസങ്ങൾക്ക് മുൻപായിരുന്നു ഭൂമി കൈമാറാൻ സന്നദ്ധത അറിയിച്ച് പാറുക്കുട്ടിയുടെ മക്കൾ സേവാഭാരതിയെ സമീപിച്ചത്. ഏറാട്ട് പറമ്പ് കുടുംബത്തിന്റെ പേരിൽ നല്ലൊരു സ്ഥാപനം വരണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് പ്രകാരം ദാനം ലഭിച്ച ഭൂമിയിൽ അശരണരായ അമ്മമാർക്കായി മാതൃസദനം നിർമ്മിക്കാനാണ് സേവാഭാരതിയുടെ തീരുമാനം.
Discussion about this post