മലപ്പുറം; മലപ്പുറം താനൂരിന് സമീപം ഒട്ടുമ്പുറം തൂവൽതീരത്ത് ഉണ്ടായ ബോട്ടപകടത്തിൽ മരണസംഖ്യ ഉയർന്നേക്കും. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അൻപതോളം പേർ ഉണ്ടായിരുന്നതായിട്ടാണ് രക്ഷപെട്ടവർ നൽകുന്ന വിവരം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 11 ഓളം മൃതദേഹങ്ങൾ ഉണ്ടെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
മരിച്ചവരിൽ നാല് പേർ കുട്ടികൾ ആണ്. വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. വിനോദസഞ്ചാരികളുമായി പോയ ബോട്ട് തലകീഴായി മറിയുകയായിരുന്നു. ചെളി നിറഞ്ഞ പ്രദേശത്താണ് ബോട്ട് മറിഞ്ഞത്. ബോട്ടിന്റെ താഴത്തെ നിലയിലും മുകളിലും ആളുകൾ ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്.
ബോട്ടിൽ മതിയായ സുരക്ഷാ സംവിധാനങ്ങളും ഇല്ലായിരുന്നു. ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെയാണ് ബോട്ടുകൾ ഇവിടെ സഞ്ചാരികളുമായി സർവ്വീസ് നടത്തിയിരുന്നത്. മണിക്കൂറുകൾ പരിശ്രമിച്ച ശേഷമാണ് തലകീഴായി മറിഞ്ഞ ബോട്ട് ഉയർത്താൻ കഴിഞ്ഞത്.
മത്സ്യത്തൊഴിലാളികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരപ്പനങ്ങാടിക്കും താനൂരിനും ഇടയിലുളള ബോട്ടിംഗ് കേന്ദ്രമാണ് ഇവിടെ. പുഴ ഒഴുകി കടലിലേക്ക് ചേരുന്ന ഭാഗത്താണ് ബോട്ടിംഗ് നടത്തുന്നത്.
അപകടത്തിൽപെട്ട ഭാഗത്ത് ചെളി നിറഞ്ഞതും വെളിച്ചക്കുറവും ആദ്യം രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.
Discussion about this post