ജയ്പൂർ : ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. രാജസ്ഥാനിലെ നഗോറിലുള്ള ദെഗാനയിലാണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിലാണ് രാജ്യത്ത് ആദ്യമായി ലിഥിയം കണ്ടെത്തിയത്. എന്നാൽ ജമ്മു കശ്മീരിൽ കണ്ടെത്തിയ ലിഥിയം ശേഖരത്തേക്കാൾ കൂടുതലാണ് ഇവിടെ കണ്ടെത്തിയ ശേഖരത്തിന്റെ ശേഷിയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഖനന ഉദ്യോഗസ്ഥരും അവകാശപ്പെടുന്നു.
ഇന്ത്യയുടെ മൊത്തം ആവശ്യത്തിന്റെ 80 ശതമാനവും നികത്താൻ കഴിയുന്ന അത്രയുമധികം ലിഥിയം ഇവിടെ ഉണ്ടെന്നാണ് അവകാശവാദം. ലിഥിയത്തിനായി ഇന്ത്യ ചൈനയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇനി ചൈനയുടെ കുത്തക അവസാനിക്കുമെന്നും രാജസ്ഥാനിൽ നിന്നുള്ള ലിഥിയം ഉപയോഗിക്കാനാകുമെന്നുമാണ് പ്രതീക്ഷ.
ഒരുകാലത്ത് ടങ്സ്റ്റൺ രാജ്യത്തിന് വിതരണം ചെയ്തിരുന്ന ദെഗാനയിലെ റെൻവത് കുന്നിലും അതിന്റെ ചുറ്റുമുള്ള പ്രദേശത്തുമാണ് ലിഥിയം ശേഖരം കണ്ടെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത്, 1914-ൽ ലാണ് റെൻവത് കുന്നിൽ ബ്രിട്ടീഷുകാർ ടങ്സ്റ്റൺ ധാതു കണ്ടെത്തിയത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ്, ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിന് യുദ്ധസാമഗ്രികൾ നിർമ്മിക്കാൻ ടങ്സ്റ്റൺ ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, രാജ്യത്തെ ഊർജ, ആരോഗ്യ മേഖലകളിൽ പലവിധ സാധനങ്ങളുടെ നിർമ്മാണത്തിന് ഇത് ഉപയോഗിച്ചു. അക്കാലത്ത് 1500-ഓളം പേർ ഇവിടെ ജോലി ചെയ്തിരുന്നു. ഇപ്പോൾ ഈ കുന്നിൽ നിന്നുള്ള ലിഥിയം രാജസ്ഥാന്റെയും രാജ്യത്തിന്റെയും വിധി മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന എല്ലാ ഉപകരണത്തിനും ആവശ്യമായ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ലോഹമാണ് ലിഥിയം. ലോകത്തിലെ ഏറ്റവും മൃദുലവുമായ ലോഹം കൂടിയാണിത്. ഇത് രാസ ഊർജ്ജം സംഭരിക്കുകയും അതിനെ വൈദ്യുതോർജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. ഇലക്‌ട്രോണിക്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന എല്ലാ ഗാഡ്‌ജെറ്റുകളിലും ലിഥിയം ഉണ്ട്. ഇക്കാരണത്താൽ, ലോകമെമ്പാടും ലിഥിയത്തിന് ഡിമാൻഡ് അധികമാണ്. അതുകൊണ്ട് തന്നെ ലിഥിയത്തെ വൈറ്റ് ഗോൾഡ് എന്നും വിളിക്കുന്നു. ഒരു ടൺ ലിഥിയത്തിന്റെ ആഗോള മൂല്യം ഏകദേശം 57.36 ലക്ഷം രൂപയാണ്.
Discussion about this post