മലപ്പുറം; താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബോട്ട്മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്ല (7), ഹുസ്‌ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മൽ റസീന, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ, താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി, മകൾ അദില ഷെറി,കുന്നുമ്മൽ ആവായിൽ ബീച്ചിൽ റസീന, അർഷാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികളും ഉടൻ ആരംഭിക്കും. തിരൂരങ്ങാടി, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ സർക്കാർ ആശുപത്രികളിലാണ് പോസ്റ്റുമോർട്ടം നടത്തുക. അപകടത്തിൽ പെട്ടവർ ചികിത്സയിലുള്ള ആശുപത്രികളിലേക്ക് കൂടുതൽ വിദഗ്ധ ഡോക്ടർമാരെ അയക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശത്ത് ഇന്ന് പുലർച്ചെ എൻഡിആർഎഫ് സംഘം തിരച്ചിൽ പുന:രാരംഭിച്ചിട്ടുണ്ട്. ബോട്ടിൽ നാൽപ്പതിലധികം പേരുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം പുഴയിൽ അടിയൊഴുക്ക് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് എൻഡിആർഎഫ് സംഘം പറയുന്നത്. 21 അംഗ എൻഡിആർഎഫ് സംഘമാണ് തിരച്ചിൽ നടത്തുന്നത്.
Discussion about this post