കുമളി: തമിഴ്‌നാട്ടിലെ ജനവാസമേഖലയ്ക്ക് സമീപം നിലയുറപ്പിച്ച് അരിക്കൊമ്പൻ. അരിക്കൊമ്പന്റെ സാന്നിദ്ധ്യം ഭയന്ന് മേഘമലയിൽ ബസ് സർവീസ് ഉൾപ്പെടെ നിർത്തി വച്ചിരിക്കുകയാണ്. മതികെട്ടാൻ ചോലയ്ക്ക് സമീപത്തുള്ള വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്. ചിന്നക്കനാലിലേക്ക് തന്നെ മടങ്ങാനുള്ള അരിക്കൊമ്പന്റെ ശ്രമമാണോ ഇതെന്ന ആശങ്കയും ഉയരുന്നുണ്ട്. ടൗണുകളും ജനവാസ മേഖലകളും കടക്കാതെ ഇതിന് സാധിക്കില്ല എന്നതിനാൽ അത്തരമൊരു സാഹചര്യം ഇപ്പോൾ ഉണ്ടാകില്ല എന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
ചിന്നമന്നൂരിൽ നിന്ന് മേഘമലയിലേക്കുള്ള റോഡിൽ വനംവകുപ്പിന്റെ തെൻപളനി ചെക്‌പോസ്റ്റിൽ നിന്ന് ആരേയും അകത്തേക്ക് കടത്തി വിടുന്നില്ല. കേരളത്തിന്റെ വനാതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്ററോളം ദൂരത്തിലേക്ക് പോയ ആന ഇനി പെരിയാറിലേക്ക് തിരികെ വരുമോ എന്ന കാര്യത്തിലും അധികൃതർ സംശയം പങ്കുവയ്ക്കുന്നുണ്ട്.
അരിക്കൊമ്പൻ ഇപ്പോൾ നിൽക്കുന്ന സ്ഥലത്ത് നിന്ന് മരിക്കാട് ഡാം വഴി ചിന്നമന്നൂരിന് സമീപത്തുള്ള എരിശനായ്ക്കനൂരിൽ എത്താനുള്ള സാധ്യതയും തമിഴ്‌നാട്ടിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നുണ്ട്. ആന ഇവിടേക്ക് എത്തുന്നത് തടയാൻ തമിഴ്‌നാട് വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post