ടെഹ്‌റാൻ : ഇറാൻ ഭരണകൂടത്തിന്റെ കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഭരണകൂടം 42 പേരെ തൂക്കിലേറ്റി എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തൂക്കിലേറ്റപ്പെട്ടവരിൽ കൂടുതലും ന്യൂനപക്ഷമായ ബലൂച് സമുദായത്തിൽ പെട്ടവരാണെന്നാണ് വിവരം.
അതേസമയം 2023 ൽ മാത്രം 194 വധശിക്ഷയാണ് രാജ്യത്ത് നടപ്പിലാക്കിയത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഭരണകൂടം കാരണസഹിതം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടപ്പിലാക്കിയത്. മറ്റുള്ളവരെ ശിക്ഷിച്ചതിന് ഇതുവരെ കാരണം കണ്ടെത്താനായിട്ടില്ല.
സമൂഹത്തിൽ ഭയം സൃഷ്ടിച്ച് കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാനുള്ള സമൂഹത്തിന്റെ ധൈര്യം ഇല്ലാതാക്കുകയാണ് ഇത്തരം വധശിക്ഷകളിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത് എന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് മേധാവി മഹ്മൂദ് അമിരി മൊഗദ്ദാം പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഓരോ ആറ് മണിക്കൂറിലും രാജ്യത്ത് ഒരാൾ വധിക്കപ്പെട്ടു. വധിക്കപ്പെട്ടവരിൽ പകുതിയിലധികവും ബലൂച്ച് ന്യൂനപക്ഷങ്ങളും, സർക്കാരിന്റെ കൊലവിളി യന്ത്രത്തിന്റെ ഇരകളായ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ളവരുമാണ്. ഇതിൽ അന്താരാഷ്ട്ര സമൂഹം നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ ഇറാനിൽ വധശിക്ഷ 75 ശതമാനം വർദ്ധിച്ചുവെന്നും സമൂഹത്തിൽ ഭയം പരത്തുന്നതിനായി 582 പേരെ ഭരണകൂടം തൂക്കിലേറ്റിയെന്നും ഐഎച്ച്ആറിന്റെ മറ്റൊരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയതോടെ ഇപ്പോൾ വധശിക്ഷകൾ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post