കൊൽക്കത്ത: അവസാന പന്തിൽ ബൗണ്ടറി പായിച്ച് കൊൽക്കത്തയെ വിജയത്തിന്റെ അതിർത്തി കടത്തി റിങ്കു സിംഗ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ പുറത്താകാതെ 21 റൺസെടുത്താണ് റിങ്കു സിംഗ് ടീമിന് ഹോം ഗ്രൗണ്ടിൽ വിജയം സമ്മാനിച്ചത്. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം.
ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാന്റെ (47 പന്തിൽ 57) അർദ്ധ സെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നും ഹർഷിത് റാണ രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ശിഖർ ധവാൻ ഒഴികെയുളള പഞ്ചാബിന്റെ താരങ്ങൾക്ക് മികച്ച സ്‌കോർ കണ്ടെത്താനായില്ല. എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്രീസിൽ നിന്ന ഷഹരൂഖ് ഖാൻ പുറത്താകാതെ 8 പന്തിൽ 21 റൺസും ഹർപ്രീത് ബ്രാർ 9 പന്തിൽ 17 റൺസും നേടി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ 21 റൺസും റിഷി ധവാൻ 19 റൺസുമെടുത്തു.
180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ജാസൺ റോയ് 24 പന്തിൽ 38 റൺസെടുത്തു. 38 പന്തിൽ 51 റൺസെടുത്ത ക്യാപ്റ്റൻ നിതീഷ് റാണയുടെയും 23 പന്തിൽ 42 റൺസെടുത്ത ആേ്രന്ദ റസലിന്റെയും ബാറ്റിംഗാണ് കൊൽക്കത്തയെ വിജയത്തിലേക്ക് അടുപ്പിച്ചത്.
അവസാന ഓവറിൽ ആറ് റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ റൺസൊന്നും നേടാനായില്ല. അടുത്ത പന്തിൽ റസൽ സിംഗിൾ നേടി. തൊട്ടടുത്ത പന്തിൽ റിങ്കു സിംഗും സിംഗിളെടുത്തു. അടുത്ത പന്തിൽ രണ്ട് റൺസെടുത്ത റസൽ പക്ഷെ അടുത്ത പന്തിൽ റൺ ഔട്ടായി മടങ്ങി. അവസാന പന്തിൽ വിജയിക്കാൻ രണ്ട് റൺസ് ആയിരുന്നു വേണ്ടത്. അർഷ്ദീപ് സിംഗ് ആയിരുന്നു പന്തെറിഞ്ഞത്. ഉദ്വേഗത്തിന്റെ നിമിഷങ്ങൾക്കൊടുവിൽ റിങ്കു അർഷ്ദീപിനെ ബൗണ്ടറിയിലെത്തിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.
പഞ്ചാബിന് വേണ്ടി രാഹുൽ ചഹാർ രണ്ട് വിക്കറ്റുകളും ഹർപ്രീത് ബ്രാറും നാഥൻ എല്ലിസും ഓരോ വിക്കറ്റുകളും വീഴ്ത്തി.
Discussion about this post