കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ചീഫ് സെക്രട്ടറി, നഗരസഭ, ജില്ലാ പോലീസ് മേധാവി, കളക്ടർ, പോർട്ട് ഓഫീസർ എന്നിവരെ എതിർ കക്ഷികളാക്കി കേസ് എടുക്കാനാണ് രജിസ്ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ജില്ലാ കളക്ടർ ഈ മാസം 12നകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
അനധികൃതമായാണ് ബോട്ട് സർവ്വീസ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്നും കോടതി ചോദിച്ചു. ഇത് ഇനിയും തുടരാൻ അനുവദിക്കില്ല. സംസ്ഥാനത്ത് നൂറ് കണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഹൃദയത്തിൽ രക്തം പൊടിയുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപകടത്തിൽ 22 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ ഒട്ടേറെ കുട്ടികളുമുണ്ട്. അതുകൊണ്ട് തന്നെ ദുരന്തത്തിന് നേരെ കണ്ണടച്ചിരിക്കാനാകില്ല. ഇത് തികച്ചും ഞെട്ടിക്കുന്ന അപകടമാണ്. എന്നാൽ ഇത്തരമൊരു അപകടം കേരളത്തിൽ നടക്കുന്നത് ഇതാദ്യമല്ല. സമാനമായ നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. എല്ലാത്തവണത്തേതും പോലെ അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല. ഈ സംഭവങ്ങളുടെ മൂലകാരണം കണ്ടെത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
Discussion about this post