മലപ്പുറം: താനൂരിൽ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസറിനെതിരെ കർശന വകുപ്പുകൾ ചുമത്തി പോലീസ്. കൊലക്കുറ്റവും മറ്റ് ഗൗരവമേറിയ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്.
നാസറിനെ ഉടൻ കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായാണ് കർശന വകുപ്പുകൾ പോലീസ് ചുമത്തിയത്. ഗൗരവമേറിയ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുമെന്ന് പോലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. നാസറിൽ നിന്നും പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഫൈബർ വള്ളത്തിൽ രൂപമാറ്റം വരുത്തിയ ബോട്ടിന് എങ്ങനെ പെർമിറ്റ് ലഭിച്ചു എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
തൂവൽ തീരത്തുണ്ടായ ബോട്ട് ദുരന്തത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 22 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 1 പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ഡ്യൂട്ടിയ്ക്കിടെയായിരുന്നു സബറുദ്ദീൻ എന്ന പോലീസുകാരന് അപകടം ഉണ്ടായത്.
അതേസമയം സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. അത്യധികമായ ദുഖഭാരത്താൽ ഹൃദയത്തിൽ നിന്ന് രക്തം പൊടിയുന്നുവെന്നാണ് കോടതി പറഞ്ഞത്. വൻ ദുരന്തത്തിന്റെ കാരണക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post