ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നോട്ടീസ് അയച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ മമതാ ബാനർജി നടത്തിയ പരാമർശത്തിലാണ് നടപടി. വിവേക് അഗ്നിഹോത്രി തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ഭാര്യയും നടിയുമായ പല്ലവി ജോഷിയും നോട്ടീസിൽ കക്ഷി ചേർന്നിട്ടുണ്ട്.
ദി കശ്മീർ ഫയൽസ് ഒരു വിഭാഗം ജനങ്ങളെ പീഡിപ്പിക്കാനായി ഒരുക്കിയിരിക്കുന്ന സിനിമയാണെന്ന് ആയിരുന്നു മമതയുടെ പരാമർശം. ചിത്രത്തിനെ തീർത്തും അവഹേളിക്കുന്ന തരത്തിൽ മറ്റ് പരാമർശങ്ങളും മമത നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വാർത്തകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് വിവേക് അഗ്നിഹോത്രി നിയമ നടപടികളിലേക്ക് കടന്നത്.
ദേശീയ പുരസ്‌കാര വേദികളിൽ ഉൾപ്പെടെ വലിയ നേട്ടമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ഇതേ തുടർന്ന് വലിയ ആദരവ് സമൂഹത്തിലുണ്ട്. എന്നാൽ ഇതെല്ലാം കളഞ്ഞു പൊളിക്കുന്ന തരത്തിലായിരുന്നു ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശമെന്ന് നോട്ടീസിൽ പറയുന്നു. വലിയ ഗവേഷണത്തിന് ശേഷമാണ് സിനിമയ്ക്കുള്ള തിരക്കഥ തയ്യാറാക്കിയത്. ഇതിനായി പണവും സമയവും ഒരുപാട് നഷ്ടമായി. തീർത്തും വസ്തുതാപരമായി എടുത്ത ചിത്രത്തെയാണ് അവഹേളിച്ചിരിക്കുന്നതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മമതാ ബാനർജി കശ്മീർ ഫയൽസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. ദി കശ്മീർ ഫയൽസിന് പുറമേ ദി കേരള സ്റ്റോറിയെയും മമത വിമർശിച്ചിരുന്നു.
Discussion about this post