ഇസ്ലാമാബാദ്; ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തീർത്ത അനിശ്ചിതത്വത്തിൽ നിന്ന് കരകയറി വന്ന പാകിസ്താൻ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക്. മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫ് നേതാവുമായിരുന്ന ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും അണികൾ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്.
റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തും തെരുവുകളിലും സുരക്ഷാ സേനയെ ആക്രമിച്ചു. സൈനിക ആസ്ഥാനത്തെ സാധനങ്ങൾ അടിച്ചു തകർത്ത് തീവെച്ചു. പലയിടത്തും തെരുവുകളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സംഘർഷമുണ്ടായ സ്ഥലങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമായിരുന്നു നടപടിയെന്ന് ടെലി കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചു. പാകിസ്താൻ പഞ്ചാബിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വകാര്യ സ്‌കൂളുകൾ ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
അതിനിടെ ഇമ്രാന്റെ അറസ്റ്റിന് നിയമസാധുതയുണ്ടെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫിന്റെ ഫവാദ് ചൗധരി അടക്കമുളള കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് കോടതി സ്‌റ്റേ ചെയ്തു.











