ഓമല്ലൂർ: ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കാവിക്കൊടി കെട്ടിയതിനെതിരെ പ്രതിഷേധിക്കാൻ വന്ന ഡിവൈഎഫ്‌ഐ നേതാക്കളെയും പ്രവർത്തകരെയും ഭക്തർ ഓടിച്ചുവിട്ട സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിസാം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ബിജെപി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂരിനെതിരെയാണ് കേസെടുത്തത്. വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചതിനാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഉത്സവം അലങ്കോലമാക്കാൻ വന്നത് നിസാമിന്റെ നേതൃത്വത്തിലുളള ഡിവൈഎഫ്‌ഐ പ്രവർത്തകരായിരുന്നു. സ്ത്രീകളായ ഭക്തർ ഇറങ്ങിയാണ് ഇവരെ അന്ന് ഓടിച്ചത്. ഇതിന്റെ ജാള്യത മറയ്ക്കാനാണ് ഭരണ സ്വാധീനം ഉപയോഗിച്ച് ബിജെപി മണ്ഡലം അദ്ധ്യക്ഷനെതിരെ കേസെടുപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ പേര് പരാമർശിച്ച സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്നാണ് പരാതി. ക്ഷേത്രത്തിൽ കാവിക്കൊടി കെട്ടുന്നതിനെതിരെ പ്രതിഷേധിക്കാൻ കിലോമീറ്ററുകൾ അകലെ ടൗണിൽ നിന്ന് മുസ്ലീം വിശ്വാസികളായ പാർട്ടി നേതാക്കളെ കൊണ്ടുവന്ന ഡിവൈഎഫ്‌ഐയുടെ നീക്കം ചോദ്യം ചെയ്തത് ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരാണ്. സ്ത്രീകൾ അടക്കമുളള ഭക്തർ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആട്ടിപ്പായിക്കുകയായിരുന്നു.
മുൻവർഷങ്ങളിലേതുപോലെയാണ് ഇക്കുറിയും ഓമല്ലൂരിൽ ഉത്സവത്തിന് ഒരുക്കം നടത്തിയത്. എന്നാൽ ക്ഷേത്ര നടയിലെ ഗോപുര മുകളിലും വഴിയോരത്തും കാവിക്കൊടി കെട്ടിയെന്നും ഇത് നീക്കണമെന്നും കാണിച്ച് സിപിഎം പ്രാദേശിക നേതാവ് പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ വിഷയം ഏറ്റെടുത്തത്. ഒന്നാം ഉത്സവത്തിന് കൊടിയേറ്റ് സദ്യ നടക്കുന്നതിനിടെ ഡിവൈഎഫ്‌ഐ നേതാക്കൾ ഒരു സംഘം പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തുകയായിരുന്നു. തുടർന്നാണ് സ്ത്രീകൾ അടക്കമുളള ഭക്തർ ഇറങ്ങി ഇവരെ ഓടിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ധാരണയുണ്ടാക്കിയ സ്ഥലങ്ങളിലാണ് കാവിക്കൊടി കെട്ടിയിരുന്നത്. ഇത് അഴിക്കണമെന്ന് പോലീസിനെ ഉപയോഗിച്ച് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടെങ്കിലും ഭക്തർ സമ്മതിച്ചില്ല.
Discussion about this post