കൊല്ലം; കൊട്ടാരക്കരയിൽ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഹൗസ് സർജൻ വന്ദന ദാസിന് ദാരുണാന്ത്യമുണ്ടായത്. 25 വയസ്സായിരുന്നു.
ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊല്ലം ജില്ലയിലെ ഡോക്ടർമാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് കൊല്ലം ജില്ലയിൽ വ്യാപകമായി ഡോക്ടർമാർ പണിമുടക്കും.
ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പോലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടാക്രമണകേസിലെ പ്രതിയായ സന്ദീപിനെ വൈദ്യപരിശോധനയ്ക്കായാണ് കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചത്. കത്രിക ഉപയോഗിച്ചാണ് സന്ദീപ് ഡോക്ടറെആക്രമിച്ചത്. ഡോക്ടർക്ക് പുറമെ പോലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേരെയും പ്രതി ആക്രമിച്ചു.ഇയാൾ ലഹരിക്ക് അടിമയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്.
Discussion about this post