കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുഃഖകരമെന്ന് ഹൈക്കോടതി. പോലീസിനെയും സർക്കാരിനെയും കോടതി വിമർശിച്ചു. പോലീസിന്റെ കൈയ്യിൽ തോക്കില്ലേ എന്നാണ് കോടതി ചോദിച്ചത്. സാഹചര്യം മുൻകൂട്ടി കണ്ട് ഇത്തരം സംഭവങ്ങൾ തടയാൻ പോലീസിന് സാധിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനുൾപെട്ട ബെഞ്ച് വിഷയം പരിഗണിക്കാനായി ഉച്ചയ്ക്ക് ചേർന്ന പ്രത്യേക സിറ്റിംഗിലാണ് വിമർശനം.
രാജ്യത്ത് വേറെ എവിടെയെങ്കിലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ ? പ്രതിക്ക് മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞ് കൊടുത്തത് ശരിയാണോ എന്ന് ചോദിച്ച കോടതി സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടുവെന്ന് പറഞ്ഞു. ഡോക്ടർമാരെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും കോടതി പരാമർശിച്ചു. നാളെ മറ്റെവിടെയെങ്കിലും ഇത് ഉണ്ടാകാതിരിക്കാൻ സർക്കാർ സുരക്ഷ ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post