തിരുവനന്തപുരം; രാത്രിയിൽ ക്യാഷ്വാലിറ്റി ഡ്യൂട്ടിക്ക് ഉൾപ്പെടെ നിയോഗിക്കപ്പെടുന്ന ജൂനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനാണ് ജൂനിയർ ഡോക്ടർമാർ ഒരുങ്ങുന്നത്.
ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം പുതിയതല്ലെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. എഴുന്നേറ്റ് നടക്കാൻ ശേഷിയില്ലാത്തവരെയാണ് ഡോക്ടർമാരുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയെ നോക്ക് പത്ത് കാറ്, അൻപത് എസ്‌കോർട്ട്, ഡോക്ടർമാർക്ക് സുരക്ഷയില്ലേയെന്ന് പ്രതിഷേധക്കാർ ചോദിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉൾപ്പെടെയാണ് പ്രതിഷേധം നടന്നത്. ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയും ഇവിടെ ജൂനിയർ ഡോക്ടർമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അനുഭവമില്ലാത്ത ആളാണെങ്കിൽ എന്തിനാണ് രാത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിട്ടതെന്ന് ആരോഗ്യമന്ത്രിയോട് ജൂനിയർ ഡോക്ടർമാർ ചോദിച്ചു. ട്രെയിനിങ് പിരീഡിലുളള വിദ്യാർത്ഥിനിയെ എന്ത് അടിസ്ഥാനത്തിലാണ് കാഷ്വാലിറ്റി ഡ്യൂട്ടിക്കിട്ടതെന്ന് പ്രതിഷേധക്കാർ ചോദിച്ചു.
ആ ഡോക്ടർക്ക് എന്തുകൊണ്ടാണ് കുത്തു കൊണ്ടത്? എന്ത് തെറ്റാണ് അവർ ചെയ്തത്? എപ്പോഴും പറയും ഡോക്ടർമാർക്ക് പലർക്കും അടി കിട്ടണമെന്ന്. എന്ത് ന്യായമാണ് നിങ്ങൾക്ക് പറയാനുളളതെന്ന് ഡോക്ടർമാർ ചോദിച്ചു. നിങ്ങൾക്ക് അനുശോചിച്ചിട്ട് പോകാം പക്ഷെ ഇന്ന് നാടിന് നഷ്ടമായത് വളർന്നുവന്ന ഒരു ഡോക്ടറെയും ആ മാതാപിതാക്കൾക്ക് നഷ്ടമായത് ഏക മകളെയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ ചോരയുടെയും നീരിന്റെയും വിയർപ്പിന്റെയും ഫലമാണ് ഇന്ന് കേരളം നമ്പർ വൺ എന്ന് എഴുതി കാണിക്കുന്ന ബോർഡ്. ആ കൂട്ടത്തിൽ ഒരാളെയാണ് കുത്തി മലർത്തി അവിടെ ഇട്ടിരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.
Discussion about this post