വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി വിരുന്ന് ഒരുക്കുമെന്ന് യുഎസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജൂൺ 22 നാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിരുന്ന് ഒരുക്കുക.
ഇന്ത്യയും യുഎസുമായുളള ബന്ധം ഒന്നുകൂടി ഉറപ്പിക്കുന്നതാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനമെന്ന് വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സുരക്ഷിതവും സ്വതന്ത്രവുമായ ഇന്തോ പസഫിക് എന്ന ഇരുരാജ്യങ്ങളുടെയും ലക്ഷ്യം ഒന്ന് കൂടി ബലപ്പെടുത്തുന്നതാകും സന്ദർശനമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
സാങ്കേതിക രംഗത്തെയും പ്രതിരോധ, ഊർജ്ജ മേഖലയിലെയും ബഹിരാകാശ രംഗത്തെയും സഹകരണം കൂടിക്കാഴ്ചകളിൽ ചർച്ചയാകും. വിദ്യാഭ്യാസ മേഖലയിലെ സഹകരണവും ജനങ്ങൾ തമ്മിലുളള ബന്ധവും മെച്ചപ്പെടുത്താനുളള വഴികളും കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ സുരക്ഷയും ചർച്ചകളിൽ ഇടംപിടിക്കും.
കഴിഞ്ഞ നവംബറിൽ ഇൻഡോനേഷ്യയിലെ ബാലിയിൽ ജി 20 ഉച്ചകോടിക്കിടെയാണ് മോദിയും ബൈഡനും ഇതിന് മുൻപ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ പദവിക്കും തുടർ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയും അന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു.
Discussion about this post