കൊച്ചി: കേരളം നേരിട്ട പ്രളയകഥ പറഞ്ഞ് ബോക്‌സോഫീസിൽ തകർപ്പൻ ഹിറ്റായി മാറുകയാണ് 2018 എന്ന ജൂഡ് ആന്തണി ചിത്രം. മികച്ച രീതിയിൽ ചിത്രം അണിയിച്ചൊരുക്കിയതിന് സംവിധായകൻ ജൂഡ് ആന്തണിക്ക് അഭിനന്ദന പ്രവാഹമാണ്. അതേസമയം സർക്കാരിന്റെ നേട്ടങ്ങളെ ചിത്രത്തിൽ പരാമർശിച്ചില്ലെന്ന വിമർശനവുമായി ഇടത് അനുകൂലികൾ ജൂഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിനോട് ചേർത്തുവെച്ചുളള ഒരു വീഡിയോ അഭിമുഖവും വൈറലായിക്കഴിഞ്ഞു.
ദ ക്യൂ എന്ന ഓൺലൈൻ മാദ്ധ്യമത്തിന് ജൂഡ് നൽകിയ വീഡിയോ അഭിമുഖത്തിന്റെ 29 സെക്കൻഡ് വരുന്ന ഭാഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയത്. മുഖ്യമന്ത്രിയായി താൻ രൺജി പണിക്കർ സാറിനെയാണ് ആദ്യം വെച്ചിരുന്നത്. പക്ഷെ അദ്ദേഹത്തെ കാണുമ്പോൾ അറിയാം വളരെ പവർഫുൾ ആണ്, വെളളപ്പൊക്കം വന്നാലും നേരിടുമെന്ന്. അതിൽ ഒരു ഗും ഇല്ലെന്ന ജൂഡിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തന്റെ വാക്കുകളെ ജൂഡ് ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. വെളളപ്പൊക്കം ഉണ്ടായ ദിവസം
രാത്രി 10.30 ക്ക് താൻ ടിവി ഓഫ് ചെയ്യുന്ന സമയത്തും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ഒന്നും പേടിക്കാനില്ലെന്നാണ് പറഞ്ഞത്. എല്ലാം നിയന്ത്രണ വിധേയമാണെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും അവർക്ക് കിട്ടിയ വിവരങ്ങളാണ് അവർ പറയുന്നത്. എല്ലാം സെറ്റ് ആയിട്ടുണ്ട് ഒന്നും പേടിക്കേണ്ടെന്ന് ഉദ്യോഗസ്ഥരാണ് അവരെ ധരിപ്പിക്കുന്നതെന്ന് ജൂഡ് പറയുന്നു.
സാധാരണക്കാരന്റെ വീട്ടിൽ എന്താണ് അവൻ അനുഭവിച്ചതെന്നാണ് സിനിമയിലൂടെ കാണിക്കാൻ ഉദ്ദേശിച്ചത്. മീഡിയക്കാരോ മന്ത്രി പറയുന്നതോ അവർക്ക് അറിഞ്ഞുകൂടാ. എന്റെ ലൈഫ് തന്നെയാണ് ഞാൻ കാണിച്ചത്. വീട്ടിൽ വെളളം കയറി ബൈക്ക് സിറ്റൗട്ടിൽ വെച്ച് നോക്കുമ്പോൾ കാണുന്നത് മുകളിൽ കൂടി ഹെലികോപ്ടർ പോകുന്നതാണ്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ജൂഡ് അഭിമുഖത്തിൽ പറയുന്നു.
ആരെയും കുറ്റപ്പെടുത്താനല്ല സിനിമ എടുത്തത്. നമ്മുടെ കൈയ്യിൽ ആവശ്യത്തിന് ബോട്ടുകളോ സംവിധാനങ്ങളോ ഇല്ലെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ജൂഡ് പറഞ്ഞു.
Discussion about this post