ടെൽ അവീവ്: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകര കമാൻഡറെ വധിച്ച് ഇസ്രായേൽ. പാലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ അലി ഖാലിയാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിൽ 24 പലസ്തീനികളും കൊല്ലപ്പെട്ടു.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഗാസയിലെ ഖാൻ യൂനിസിലെ ഹമാസ് താവളങ്ങൾ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ആക്രമണം. റോക്കറ്റ് ശരീരത്തിൽ പതിച്ചാണ് അലി ഖാലി കൊല്ലപ്പെട്ടത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സ്ത്രീകളാണ്. അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ഇതിന് പുറമേ രണ്ട് ഇസ്ലാമിക് ജിഹാദ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ട വിവരം ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ അലി ഗാലിയെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി സേന ട്വിറ്ററിലൂടെ അറിയിച്ചു. ഭീകര കമാൻഡറിന് പുറമേ ഭീകര സംഘടനയിലെ രണ്ട് അംഗങ്ങളെകൂടി വധിച്ചതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രായേലും ഗാസയും തമ്മിൽ സംഘർഷം തുടരുകയാണ്. അടുത്തിടെ ഇസ്രായേലിൽ നിരാഹാരമിരുന്ന തടവുകാരൻ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രായേലിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് പലസ്തീൻ വ്യോമാക്രമണം നടത്തുകയായിരുന്നു.
Discussion about this post