തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കരയിൽ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം ചേരുന്നത്. ആരോഗ്യ മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം കൊലപാതകത്തിൽ പോലീസ് സമർപ്പിച്ച വിശദമായ റിപ്പോർട്ട് പരിഗണിച്ച കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദു:ഖത്തിലാഴ്ത്തിയതും ഇതേ സംവിധാനമാണെന്ന് ഹൈക്കോടതി വിമർശിച്ചു. സന്ദീപിനെ പ്രൊസീജിയർ റൂമിൽ കയറ്റിയപ്പോൾ പോലീസ് എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു.
വസ്തുതകളെ വളച്ചൊടിക്കരുത്. വസ്തുത വസ്തുതയായി തന്നെ പറയണം. പരിശോധനക്കായി രോഗിയെ മുറിയിൽ കയറ്റിയപ്പോൾ പോലീസ് എവിടെയായിരുന്നു. പ്രൊസീജിയർ റൂമിൽ പോലീസുകാരുടെ നിരീക്ഷണം ഉണ്ടായിരുന്നില്ല. ഡോ.വന്ദന ഭയന്ന് നിന്നപ്പോൾ പോലീസ് രക്ഷയ്ക്ക് എത്തിയില്ലേ? 11 തവണയാണ് പ്രതി ഡോ.വന്ദനയെ കുത്തിയത്. ഡോ.വന്ദനയ്ക്ക് നീതി കിട്ടുന്നതിനാകണം പോലീസ് അന്വേഷണം. ഇനിയൊരാൾക്കും ഈ ഗതി ഉണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു.
Discussion about this post