ന്യൂഡൽഹി: ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ അദ്ദേഹത്തെ തിരിച്ചെടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുൻപത്തെ സാഹചര്യം പുന:സ്ഥാപിക്കണമെന്ന് ഉദ്ധവ് പക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്ധവ് താക്കറെ സർക്കാർ രാജി വയ്ക്കുകയായിരുന്നുവെന്നും വിശ്വാസ വോട്ട് നേരിട്ടിരുന്നെങ്കിൽ മുൻ സ്ഥിതി പുനഃസ്ഥാപിക്കുമായിരുന്നുവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.
ഏകനാഥ് ഷിൻഡെയുടെ സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ല. വിശ്വാസവോട്ടെടുപ്പ് നേരിടാതെയാണ് ഉദ്ധവ് സർക്കാർ രാജി വച്ചത് എന്നതിനാലാണ് ഇത്. അതുകൊണ്ട് ഷിൻഡെയുടെ സർക്കാർ രൂപീകരണത്തെ ഗവർണർ പിന്തുണച്ചതിനെ ന്യായീകരിക്കാം. ഷിൻഡെ സർക്കാർ നിയമപരമായി തന്നെയാണ് അധികാരത്തിലെത്തിയത്. ശിവസേനയ്ക്കുള്ളിലെ തർക്കം ഒരിക്കലും വിശ്വാസവോട്ടെടുപ്പിന് കാരണമാകരുതായിരുന്നു. ആരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശിവസേനയുടെ പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഷിൻഡെ പക്ഷവും ഉദ്ധവ് പക്ഷവും നൽകിയ ഹർജികളിൽ ആണ് വിധി. അതേസമയം ഷിൻഡെ ഉൾപ്പെടെയുള്ളവരെ അയോഗ്യരാക്കുകയും ഗവർണറുടെ നടപടി ഭരണാഘടനാപരമായി തെറ്റാണെന്ന് വിധിക്കുകയും ചെയ്തതിനാൽ ഉദ്ധവ് രാജി വയ്ക്കുന്നതിന് മുൻപുള്ള സ്ഥിതി പുന:സ്ഥാപിക്കണമെന്ന ഉദ്ധവിന്റെ ആവശ്യം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. 16 എംഎൽഎമാരുടെ അയോഗ്യതാ കേസ് വിശാലബെഞ്ചിന് വിടാനും തീരുമാനമായി. സ്പീക്കറുടെ അധികാരങ്ങളും ഈ വിശാലബെഞ്ച് തീരുമാനിക്കും.
Discussion about this post