കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതക സംഭവം ഹൈക്കോടതി പരിഗണിക്കെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ കണ്ണുകൾ നിറഞ്ഞു. ‘ആ പെൺകുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം. അവസാനനിമിഷം അവൾ പ്രതിക്കുമുന്നിൽ പെട്ടുപോയി. എത്രമാത്രം ഭയവും വേദനയും അവൾ അനുഭവിച്ചിരിക്കും,’ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകൾ ഇടറി. കണ്ണടയൂരി ജസ്റ്റിസ് കണ്ണുതുടച്ചു.
ആലോചിക്കാനേ വയ്യ. അവളുടെ ജീവത്യാഗം മറവിയിലാണ്ടുപോവില്ല. കോടതി ആദരാഞ്ജലി അർപ്പിക്കുന്നു..’ കോടതി പറഞ്ഞു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അടിയന്തരമായി വിഷയം പരിഗണിച്ചത്. സംഭവം ചൂണ്ടിക്കാട്ടി ആരോഗ്യ സർവകലാശാല നൽകിയ ഹർജിയും കോടതി പരിഗണിച്ചു.
സംഭവത്തിൽ സർക്കാരിനെയും പെോലീസിനെയും കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. പോലീസിൻറെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഡോ ക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടിക്കൂടേയെന്നും വാക്കാൽ പറഞ്ഞു. സൈനികരായിരുന്നെങ്കിൽ അവരുടെ ജീവൻകൊടുത്ത് സംരക്ഷണം നൽകിയേനേ. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
Discussion about this post