കോട്ടയം: കൊട്ടാരക്കര ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന് ആദരാഞ്ജലി അർപ്പിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കടുത്തുരുത്തി മുട്ടുചിറയിലുള്ള വന്ദനയുടെ വീട്ടിലെത്തിയ അദ്ദേഹം മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ബി ജെ പി ജനറൽ സെക്രട്ടറി ജോർജ്കുര്യൻ, മേഖലാ പ്രസിഡൻറ് എൻ ഹരി ജില്ലാ പ്രസിഡൻറ് ലിജിൻലാൽ തുടങ്ങിയവരും കുമ്മനം രാജശേഖരനോടൊപ്പം ഉണ്ടായിരുന്നു.
പോലീസിന്റെ വീഴ്ച മൂലമാണ് ഡോക്ടറുടെ വിലയേറിയ ജീവൻ നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ മുഖ്യമന്ത്രി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര വകുപ്പ് ഒഴിയേണ്ടതാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പോലീസുകാർ പരിശീലനമോ സുസജ്ജമായ തയ്യാറെടുപ്പോ ഇല്ലാതെയാണ് ഡ്യൂട്ടി നിർവ്വഹിക്കുന്നതെന്ന് വ്യക്തമായി. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അക്രമി പ്രതിയല്ലെന്നും പരാതിക്കാരൻ മാത്രമാണെന്നുമുള്ള സർക്കാർ ഭാഷ്യം അംഗീകരിക്കാനാവില്ല. പോലീസുകാരെ ആക്രമിച്ച ആൾ ആ അക്രമകേസിലെ പ്രതിയാണ്. അയാളിൽ നിന്നും ഡോക്ടർക്ക് സുരക്ഷ നൽകേണ്ട പോലീസ് നിഷ്‌ക്രിയമായി. കേരളത്തിലെ ജനങ്ങളുടെ ജീവന് രക്ഷയില്ലെന്ന അവസ്ഥയാണുള്ളതെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം ഡോ. വന്ദനദാസിന്റെ സംസ്‌കാരചടങ്ങുകൾ ആരംഭിച്ചു. ആയിരക്കണക്കിന് പേർ അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് സംസ്‌കാരചടങ്ങുകൾ ആരംഭിച്ചത്. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി കടുത്തുരുത്തിയിൽ വ്യാഴാഴ്ച പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വന്ദനയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന മന്ത്രിമാർക്കുനേരേ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
Discussion about this post