മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 11 ലക്ഷം രൂപ നൽകി ആന്റണി സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരും. നിർമാതാക്കൾ നൽകിയ തുകയും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ഒരു ദിവസത്തെ വരുമാനവുമാണ് ഇതിനായി മാറ്റിവെച്ചത്.
ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് ആന്റണി. ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്,
നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്. രാവിലെ ഈരാറ്റുപേട്ടയിൽ നടന്ന അനുശോചനത്തിന് ശേഷം നിർമാതാക്കളായ ഐൻസ്റ്റീൻ സാക്ക് പോളും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടർക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറുകയായിരുന്നു.
ഐൻസ്റ്റീൻ മീഡിയയും വിതരണക്കാരായ അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസും നൽകിയ തുകയും താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ഒരു ദിവസത്തെ വരുമാനവും മാറ്റിവെച്ചാണ് 11 ലക്ഷം രൂപ സമാഹരിച്ചത്. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ കണ്ണുനീരിന് ഈ സഹായം ചെറിയ ഒരു ശമനം നൽകുമെങ്കിൽ അത് വലുതായി കാണുന്നുവെന്ന് ആയിരുന്നു താരങ്ങളുടെ പ്രതികരണം.
നേരത്തെ 2018 സിനിമയുടെ നിർമാതാക്കളും താനൂർ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. കുഞ്ഞുങ്ങൾ അടക്കം 22 പേരാണ് താനൂർ അപകടത്തിൽ മരിച്ചത്. താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ സർവ്വീസ് നടത്തിയിരുന്ന വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. നിയമങ്ങളും നിബന്ധനകളും കാറ്റിൽപറത്തി ആയിരുന്നു ബോട്ട് സർവ്വീസ് നടത്തിയത്.













Discussion about this post