ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് കോൺഗ്രസ്. നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് രാജസ്ഥാനിൽ പദയാത്ര നടത്താനുള്ള സച്ചിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി അംഗം സുഖ്ജീന്ദർ സിംഗ് രൺധാവ ഇന്ന് ഡൽഹിയിൽ യോഗം വിളിച്ചത്.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസാര, സഹചുമതലയുള്ള ഖാസി മുഹമ്മദ് നിസാമുദ്ദീൻ, അമൃത ധവാൻ, വീരേന്ദ്ര റാത്തോഡ് എന്നിവർ പങ്കെടുക്കും. 2020ൽ തന്റെ സർക്കാരിനെ താങ്ങി നിർത്താൻ വസുന്ധരരാജെ സഹായിച്ചുവെന്ന സച്ചിൻ പൈലറ്റിന്റെ പ്രസ്താവനയോടെയാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ വീണ്ടും പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. പ്രസ്താവനയെ തള്ളി വസുന്ധര രാജെ തന്നെ രംഗത്തെത്തുകയും ചെയ്തു.
പിന്നാലെയാണ് ഗെഹ്ലോട്ടിനെതിരെ വിമർശനമുയർത്തിക്കൊണ്ട് സച്ചിൻ പത്രസമ്മേളനം വിളിക്കുന്നത്. ഗെഹ്ലോട്ടിന്റെ നേതാവ് സോണിയ അല്ലെന്നും, വസുന്ധര രാജെ ആണെന്നും സച്ചിൻ ആരോപിച്ചിരുന്നു. ഗെഹ്ലോട്ടിന്റെ രാജി ആവശ്യപ്പെട്ട സച്ചിൻ സംസ്ഥാനത്ത് അഴിമതിക്കെതിരായി ‘ജൻ സംഘർഷ് യാത്ര’ നടത്തുമെന്നും പ്രഖ്യാപിച്ചു. ഇന്നലെയാണ് അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് 125 കിലോമീറ്റർ കാൽനടയാത്ര ആരംഭിച്ചത്.
യാത്രയിൽ നിന്ന് പിന്മാറാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സച്ചിൻ തയ്യാറായില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സച്ചിന്റെ നീക്കം നേതൃത്വത്തിനും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. സച്ചിനെതിരെ നടപടി ആവശ്യപ്പെട്ട് ഗെഹ്ലോട്ടും രംഗത്തെത്തി. പിന്നാലെയാണ് ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചത്.
Discussion about this post