ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ നിന്ന് പിടിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ജനവാസമേഖലയായ മേഘമലയിൽ തന്നെ തുടരുന്നു. അരിക്കൊമ്പന്റെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. നിലവിൽ ചിന്നക്കനാലിലേത് പോലെ മേഘമലയിൽ അരിക്കൊമ്പൻ ആക്രമണങ്ങൾ നടത്തുന്നില്ല എന്നതാണ് വനംവകുപ്പ് ആശ്വാസമായി പറയുന്നത്. അതുകൊണ്ട് തന്നെ തത്കാലത്തേക്ക് പെരിയാർ കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ തുരത്തേണ്ടതില്ല എന്നാണ് തീരുമാനം.
അതേസമയം മേഘമലയിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഏപ്രിൽ അവസാനത്തോടെയാണ് അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. മംഗളാദേവി ക്ഷേത്രത്തിന് സമീപത്തുള്ള മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. ആദ്യഘട്ടത്തിൽ അൽപ്പം ആക്രമണസ്വഭാവം കാണിച്ച അരിക്കൊമ്പൻ നിലവിൽ പ്രശ്‌നക്കാരനല്ലെന്നാണ് വിവരം.
എന്നാൽ അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ തമിഴ്‌നാട് വനംവകുപ്പ് വലിയ തോതിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 40 പേരടങ്ങുന്ന സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്‌നാട് ഭാഗത്തുള്ളത്. മേഖലയിൽ നൽകിയ ജാഗ്രതാ നിർദ്ദേശവും അധികൃതർ പിൻവലിച്ചിട്ടില്ല.
Discussion about this post