ന്യൂഡൽഹി: ഇഡി നടപടിയെ തുടർന്ന് 25 കോടി പിഴയടച്ചു എന്ന വാർത്ത കൊണ്ട് പ്രിഥ്വിരാജിന് എന്ത് മാനഷ്ടമാണ് ഉണ്ടാകുന്നതെന്ന് ടി.ജി.മോഹൻദാസ്. ഇൻകംടാക്‌സ്, ഇഡി, ഡിആർഐ മുതലായ ഏജൻസികൾക്ക് പണമിടപാടുകൾ പരിശോധിക്കാൻ അവകാശമുണ്ടെന്നും, അതിൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ കണ്ടെത്തുന്നതും അവർ പിഴയിടുന്നതുമെല്ലാം സ്വാഭാവികമായ നടപടിക്രമങ്ങളാണെന്നും ടി.ജി.മോഹൻദാസ് കൂട്ടിച്ചേർത്തു.
നിയമം അനുശാസിക്കുന്ന പിഴ ഒടുക്കി എന്ന വാർത്തയിൽ ഒരു മാനക്കേടും തോന്നേണ്ട കാര്യമില്ല. ചാർജ് ചെയ്ത പിഴത്തുക അന്യായമാണ് എന്ന് വാദിച്ച് കോടതിയിൽ പോകാറാണ് പതിവ്. പിഴത്തുക അടയ്ക്കാതെ ഒളിച്ചുകളിക്കുന്ന ആളാണ് പ്രിഥ്വിരാജ് എന്ന വാർത്തയാണ് കൊടുത്തതെങ്കിൽ അതിൽ ഒരു മാനനഷ്ടമുണ്ട് എന്ന് പറയാം. ഏതെങ്കിലും വക്കീൽ പ്രിഥ്വിരാജ് എന്ന നല്ലൊരു ക്ലൈന്റ് നഷ്ടപ്പെടണ്ട എന്ന് കരുതി ഇത്തരം ഉപദേശം കൊടുത്തു കാണും. ‘അവനെ നമുക്ക് പൂട്ടാം’ എന്ന് പറഞ്ഞു കാണും. എന്നാൽ പ്രിഥ്വിരാജിന്റെ മാനവും വരുമാനവും എല്ലാം ഒരു കോടതി മുറിയിൽ വക്കീലന്മാർ വെട്ടിക്കീറി പരിശോധിക്കുന്ന രംഗം ഒന്ന് സങ്കൽപിച്ച് നോക്കൂ. അതല്ലേ വലിയ നാണക്കേട്? എന്നും ടി.ജി.മോഹൻദാസ് ചോദിക്കുന്നു.
ടി.ജി.മോഹൻദാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്,
നടൻ പ്രിഥ്വിരാജ്,, ED നടപടിയെത്തുടർന്ന് 25 കോടി രൂപ പിഴയടച്ചു എന്ന ഒരു വാർത്ത മറുനാടൻ മലയാളിയിലെ ഷാജൻ സ്‌കറിയ ചെയ്തു. ആ വാർത്ത വ്യാജവും അപമാനകരവുമാണ് എന്ന് പ്രിഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹം മറുനാടനെതിരെ നിയമ നടപടികൾ എടുക്കും എന്നും കുറിപ്പിൽ ഉണ്ട്
ഇതൊക്കെ ആരാണ് പ്രിഥ്വിരാജിന് ഉപദേശിച്ചു കൊടുക്കുന്നത് എന്ന് അറിയില്ല! ഇതിൽ എന്ത് മാനനഷ്ടമാണുള്ളത്? നമ്മുടെ പണമിടപാടുകൾ IT, ED, DRI മുതലായ ഏജൻസികൾക്ക് പരിശോധിക്കാൻ അവകാശമുണ്ട്. അതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ അവർ കണ്ടെത്തുന്നതും അതിന് പിഴയിടുന്നതും ഒക്കെ സ്വാഭാവികമാണ്.
ഇതിൽ ആരുടെയും മാനമൊന്നും നഷ്ടപ്പെടുന്നില്ല. ചാർജ് ചെയ്ത പിഴത്തുക അന്യായമാണ് എന്ന് വാദിച്ച് കോടതിയിൽ പോകാറാണ് പതിവ്. പിഴത്തുക അടയ്ക്കാതെ ഒളിച്ചുകളിക്കുന്ന ആളാണ് പ്രിഥ്വിരാജ് എന്ന വാർത്തയാണ് കൊടുത്തതെങ്കിൽ അതിൽ ഒരു മാനനഷ്ടമുണ്ട് എന്ന് പറയാം.
നിയമം അനുശാസിക്കുന്ന പിഴ ഒടുക്കി എന്ന വാർത്തയിൽ ഒരു മാനക്കേടും തോന്നേണ്ട കാര്യമില്ല.
ഇനി ഇക്കാര്യം നുണയാണ് എന്നിരിക്കട്ടെ. അപ്പോഴും ഇതിൽ മാനനഷ്ടമൊന്നും ഇല്ല. 25 കോടി എന്ന വലിയൊരു സംഖ്യ പിഴയടയ്ക്കാൻ തക്ക വരുമാനമുള്ള നടനാണ് പൃഥ്വിരാജ് എന്ന് പൊതുജനം ധരിക്കുമായിരിക്കും. അതുകൊണ്ടെന്ത് മാനനഷ്ടമാണ് ഉണ്ടാവുന്നത്?
അങ്ങനെയൊരു ധാരണ പാടില്ല എന്ന് വാദിക്കാം. പക്ഷേ അതിൽ മാനനഷ്ടമുണ്ട് എന്ന് വാദിക്കുക സാധ്യമല്ല.
കുറച്ചു നാൾ മുൻപ് ഷാജൻ സ്‌കറിയ എനിക്കെതിരെ ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ ഞാൻ സർക്കാരിന്റെ പെൻഷൻ വാങ്ങുന്ന ആളാണ് എന്ന് പറഞ്ഞിരുന്നു. അത് ശരിയല്ല. ഷാജൻ സ്‌കറിയ പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. പക്ഷേ അതിൽ മാനനഷ്ടമില്ല. എല്ലാ തെറ്റുകളും മാനനഷ്ടമല്ല. എല്ലാ സത്യങ്ങളും അത്ര അഭിമാനകരവുമല്ല..
ഇനി പ്രിഥ്വിരാജ് പ്രൊപ്പഗാന്റ സിനിമകൾ ചെയ്യുന്നു എന്ന ആരോപണം നോക്കാം. അതിലും മാനനഷ്ടമൊന്നും ഇല്ല. പ്രൊപ്പഗാന്റ ഫിലിം ചെയ്യുന്നത് നിയമദൃഷ്ട്യാ കുറ്റകരമല്ല.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പുന്നപ്ര വയലാർ – ഇതൊക്കെ പ്രൊപ്പഗാന്റ സിനിമകൾ ആണ്. എന്നുവെച്ച് അതൊരു കുറ്റമൊന്നുമല്ലല്ലോ! ഹീനമായ അഥവാ സമൂഹത്തിന് ദോഷം വരുത്തുന്ന പ്രൊപ്പഗാന്റ ഫിലിമാണ് എന്ന് ആരോപിച്ചാൽ പോലും അത് മാനനഷ്ടം എന്ന IPC 499, 500 വകുപ്പുകൾ പ്രകാരമുള്ള കുറ്റമല്ല
CAA സമരം, കാർഷിക നിയമത്തിനെതിരെ സമരം, ലക്ഷദ്വീപ് സമരം.. ഇതെല്ലാം പ്രൊപ്പഗാന്റ ആയിരുന്നു. ഇതിൽ ചിലതിൽ പ്രിഥ്വിരാജും ഉണ്ടായിരുന്നില്ലേ? ആരെങ്കിലും പ്രിഥ്വിരാജിനെതിരെ വ്യാജപ്രചാരണത്തിന് കേസെടുത്തോ? എല്ലാ അസത്യവും മാനഹാനി അല്ല. വ്യാജം വേറെ; മാനം വേറെ.
ഏതെങ്കിലും വക്കീൽ പ്രിഥ്വിരാജ് എന്ന നല്ലൊരു client നഷ്ടപ്പെടണ്ട എന്ന് കരുതി ഇത്തരം ഉപദേശം കൊടുത്തു കാണും. ‘അവനെ നമുക്ക് പൂട്ടാം’ എന്ന് പറഞ്ഞു കാണും. അഞ്ചെട്ടു കൊല്ലം കേസ് നടത്തിയാൽ നല്ലൊരു തുക ഫീസായി കിട്ടുമല്ലോ! എന്നാൽ പ്രിഥ്വിരാജിന്റെ മാനവും വരുമാനവും എല്ലാം ഒരു കോടതി മുറിയിൽ വക്കീലന്മാർ വെട്ടിക്കീറി പരിശോധിക്കുന്ന രംഗം ഒന്ന് സങ്കൽപിച്ച് നോക്കൂ. അതല്ലേ വലിയ നാണക്കേട്?
അതിനാൽ പെട്ടെന്നുള്ള ദേഷ്യത്തിന് കേസുമായി പുറപ്പെടാതിരിക്കുന്നതാണ് പ്രിഥ്വിരാജിന് നല്ലത്.
പ്രിഥ്വിരാജ് നല്ലൊരു നടനാണ് എന്ന് തെളിയിച്ചു കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ സൂപ്പർ സിനിമ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന അഭിപ്രായക്കാരനാണ് ഞാൻ. അതിനിടയിൽ എന്തിന് ഈ വേണ്ടാത്ത ഏടാകൂടത്തിൽ ചെന്നു ചാടണം?!
പ്രിഥ്വിരാജിന് നന്മകൾ നേരുന്നു













Discussion about this post