ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. അൽ ഖാദിർ ട്രസ്റ്റ് കേസിൽ രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവും നിയമവിരുദ്ധവുമാണെന്ന് സൂപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
ഇമ്രാൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇമ്രാനെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോയ അതേ കോടതിയിലാണ് ഹാജരാക്കിയത്. മറ്റ് കേസുകളിൽ ഇമ്രാൻ ഖാന് പ്രത്യേക സംരക്ഷണം നൽകണമെന്ന് അഭിഭാഷകൻ ബാബർ അവാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇമ്രാൻ ഖാനെ വെറുതെ വിട്ടാൽ ജനങ്ങളുടെ പ്രതിഷേധവും ആൾക്കൂട്ട ആക്രമണങ്ങളും വീണ്ടും വർദ്ധിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇമ്രാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ വൻ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർ സൈനിക ആസ്ഥാനം ആക്രമിക്കുകയും വാഹനങ്ങളും ആംബുലൻസുകളും കത്തിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. 200 ലേറെ പോലീസുകാർക്ക് പരിക്കേറ്റു. മൂവായിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.











