കൊച്ചി: രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാർക്ക് പോലും സ്വതന്ത്രമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി സംഘം ചേർന്ന് പോരാടേണ്ട അവസ്ഥയാണുള്ളത്. ദി കേരള സ്‌റ്റോറി വെറുപ്പും വിദ്വേഷവും ഉണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കൊച്ചിയിൽ യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. കൊട്ടാരക്കര സംഭവത്തിൽ തുടർ നടപടികളുണ്ടാകും. പരിശോധനകളും കൂടിയാലോചനകളും തുടരും. അതിന്മേലുള്ള നടപടികളും ഉണ്ടാകും. ആശുപത്രിയിലെ ജീവനക്കാരുടെ സംരക്ഷണത്തിനായി അടുത്ത മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഇറക്കും. കൊലപാതകം പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post