ന്യൂഡൽഹി: വിമർശനങ്ങളെ മറികടന്ന് വിജയകരമായി പ്രദർശനം തുടരുകയാണ് സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്‌റ്റോറി’. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറുകയാണ് ചിത്രം. ഈ മാസം അഞ്ചാം തിയതിയാണ് ചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീയേറ്ററുകളിലായി റിലീസ് ചെയ്തത്. കണക്കുകൾ പ്രകാരം ചിത്രത്തിന്റെ നിലവിലെ ബോക്‌സ് ഓഫീസ് കളക്ഷൻ 94 കോടി രൂപയാണ്.
ഇന്ന് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓരോ ദിവസവും ചിത്രത്തിന് കൂടുതൽ കാഴ്ചക്കാരെയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഏഴാമത്തെ ദിവസം ചിത്രം 12.50 കോടിയാണ് നേടിയത്. ആദ്യ ദിവസം എട്ട് കോടിയായിരുന്നു ചിത്രത്തിന്റെ ആകെ കളക്ഷൻ. പിന്നീടുള്ള ദിവസങ്ങളിലെല്ലാം പത്ത് കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ ചിത്രത്തിനായി. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 200 കോടി ക്ലബ്ബിലും കടക്കുമെന്നാണ് ഫിലിം അനലിസ്റ്റുകൾ പറയുന്നത്.
മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചിത്രത്തിന് മുഖ്യമന്ത്രിമാർ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. കാബിനറ്റിലുള്ള മന്ത്രിമാരോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചിത്രം കണ്ടിരുന്നു. അതേസമയം ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങൾ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രം നിരോധിച്ച ബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. തമിഴ്‌നാട് സർക്കാരിനോട് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post