ബംഗളൂരു: പരാജയം ഒന്നിന്റേയും അവസാനമല്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ” ഈ പരാജയം അന്തിമമല്ല. എന്റെ പോരാട്ടങ്ങളും ഇവിടെ അവസാനിക്കുന്നില്ല. അത് ഇനിയും തുടരും. ഞാനെന്നും ജനങ്ങൾക്കൊപ്പമുണ്ടാകും. തിരഞ്ഞെടുപ്പ് വിജയത്തിന് കുമാരസ്വാമിയെ അഭിനന്ദിക്കുകയാണെന്നും” കുമാരസ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” സംസ്ഥാനത്തെ ജനവിധിയെ അംഗീകരിക്കുന്നു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് അന്തിമതീരുമാനം എടുക്കുന്നത്. ജയവും തോൽവിയുമെല്ലാം ഒരേ മനസോടെ സ്വീകരിക്കുന്നു. എങ്കിലും ഈ തോൽവി ഒരിക്കലും ഒന്നിന്റേയും അവസാനമല്ല. ഞാൻ എല്ലായ്‌പ്പോഴും ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടാകും. തോൽവിയും വിജയവുമൊന്നും എനിക്കും എന്റെ കുടുംബത്തിനും പുതിയ കാര്യമല്ല.
മുൻ പ്രധാനമന്ത്രി കൂടിയായ എന്റെ പിതാവ് എച്ച്.ഡി.ദേവഗൗഡയും, എച്ച്.ഡി.രേവണ്ണയുമെല്ലാം, ഞാനും എല്ലാം നേരത്തെ തോറ്റിട്ടുണ്ട്. ഞങ്ങൾ വിജയിച്ചപ്പോൾ ഉത്തരവാദിത്വത്തോടെ തന്നെ ജനങ്ങളെ സേവിച്ചു. വരും ദിവസങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാകും ഞാൻ ശ്രമിക്കുന്നത്. പുതിയ സർക്കാരിന് ആശംസകൾ അറിയിക്കുന്നു. ജനങ്ങളോട് പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്നാണ് ഞങ്ങൾ അഭ്യർത്ഥിക്കുന്നത്.
ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാക്കളോടും പ്രവർത്തകരോടുമെല്ലാം നന്ദി അറിയിക്കുന്നു. പ്രവർത്തകർ ഒരിക്കലും ഈ ഫലപ്രഖ്യാപനത്തിൽ നിരാശരാകരുതെന്നും” എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. നിലവിൽ 64 സീറ്റുകളിലാണ് ജെഡിഎസിന്റെ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. ഇക്കുറി തിരഞ്ഞെടുപ്പിൽ ജെഡിഎസ് നിർണായക ശക്തിയാകുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തേതിലും 18 സീറ്റുകൾ കുറവാണ് ജെഡിഎസിന് നേടാനായത്.
Discussion about this post