തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനദാസിനെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. പരസ്പരവിരുദ്ധമായ സംസാരവും വിഭ്രാന്തിയുമില്ലാതായതോടെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അരുൺ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്. ആശുപത്രിയിൽ എത്തിച്ച് ചികിത്സിക്കേണ്ട മാനസികപ്രശ്നങ്ങൾ സന്ദീപിനില്ലെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സന്ദീപ് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പോലീസും ഡോക്ടർമാരും ചേർന്ന് ഉപദ്രവിക്കുന്നതായി തോന്നിയപ്പോളാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നും ലക്ഷ്യം വച്ചത് ഡോ. വന്ദനയെ അല്ല, പുരുഷ ഡോക്ടറെയെന്നും സന്ദീപ് ജയിൽ സൂപ്രണ്ട് സത്യരാജിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
നാട്ടുകാരിൽ ചിലർ പിന്തുടർന്ന് ഉപദ്രവിക്കാനെത്തുന്നുവെന്ന് തോന്നി. അതിനാലാണ് പോലീസിനെ വിളിച്ചത്. പോലീസെത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവർ പോയശേഷം വീണ്ടും വിളിച്ചുവരുത്തി. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടെയുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും ഉപദ്രവിക്കും എന്ന് തോന്നിയതോടെയാണ് കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമിച്ചത്. വന്ദനയെ ലക്ഷ്യംവെച്ചില്ലെന്നാണ് സന്ദീപിന്റെ മൊഴി.
Discussion about this post