പട്ടാമ്പി; പട്ടാമ്പിയിൽ വള്ളൂർ മേലേ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടല്ലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ(12), വളാഞ്ചേരി പേരശന്നൂർ പന്നികോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത്ത്(13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച മൂന്നു മണിയോടെയായിരുന്നു സംഭവം. അശ്വിൻ പട്ടാമ്പി സെന്റ് പോൾസ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. അഭിജിത്ത് പട്ടാമ്പി ഗവ.ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ്.
മേലേകുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ അശ്വിനും അഭിജിത്തും ചെളിയിൽ അകപ്പെടുകയായിരുന്നു. പത്തിലേറെ കുട്ടികളാണ് കുളിക്കാനെത്തിയതെന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരനടക്കമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മറ്റു കുട്ടികൾ പ്രദേശവാസികളെ അറിയിച്ചതിനെ തുടർന്ന് അവരാണ് അശ്വിനേയും അഭിജിത്തിനേയും കരയ്‌ക്കെത്തിച്ചത്. ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.













Discussion about this post