കൊച്ചി; തിയറ്ററുകളിൽ കളക്ഷൻ റെക്കോഡുകൾ തകർത്ത മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ പുറത്തിറക്കി. സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിളളയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൊച്ചിയിൽ നടന്ന മാളികപ്പുറം സിനിമയുടെ വിജയാഘോഷത്തിൽ ആയിരുന്നു പ്രകാശനം.
വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് സാധിച്ചതെന്ന് അഭിലാഷ് പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചു. തിരക്കഥ പുസ്തകരൂപത്തിലാക്കാൻ പിന്തുണ നൽകിയ നിർമാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പള്ളിക്കും അഭിലാഷ് നന്ദി പറഞ്ഞു. മാക്‌ബെത് പബ്ലിക്കേഷൻസ് ആണ് തിരക്കഥ പുസ്തകമാക്കിയത്.
കഴിഞ്ഞ ഡിസംബർ 30 നാണ് മാളികപ്പുറം സിനിമ തിയറ്ററിലെത്തിയത്. ശബരിമലയിൽ അയ്യപ്പനെ കാണാനുളള ഒരു മാളികപ്പുറത്തിന്റെ യാത്രയായിരുന്നു സിനിമയുടെ പ്രമേയം. സിനിമയുടെ തിരക്കഥ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. കഡാവർ, പത്താം വളവ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകൾക്കും അഭിലാഷ് തിരക്കഥയെഴുതിയിട്ടുണ്ട്.
മലയാളത്തിൽ കുടുംബപ്രേക്ഷകരെ തിയറ്ററിലേക്ക് വലിയ തോതിൽ തിരിച്ചെത്തിച്ച സിനിമയായിരുന്നു മാളികപ്പുറം. ചിത്രത്തിലെ അഭിനേതാക്കളും തിരക്കഥയുമൊക്കെ സൂപ്പർ ഹിറ്റായി മാറി. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് തിരക്കഥ പുസ്തകമാക്കാൻ തീരുമാനിച്ചത്.
കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഉണ്ണി മുകുന്ദൻ ആയിരുന്നു നായകൻ. ഉണ്ണി മുകുന്ദന്റെ കരിയർ ബ്രേക്കിങ് ആയ വേഷമായിരുന്നു മാളികപ്പുറത്തിലേത്. സിനിമയുടെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Discussion about this post