കാസർകോട്: ചന്ദ്രഗിരിപ്പുഴയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹം കണ്ടെത്തി. പാർത്ഥസാരഥി വിഗ്രഹമാണ് കണ്ടെത്തിയത്. വേനൽ രൂക്ഷമായതോടെ പുഴയിലെ വെള്ളം വറ്റിയിരുന്നു. ഇതോടെയാണ് നദിയിലെ വിഗ്രഹം പുറത്തുകണ്ടത്. പത്താം നൂറ്റാണ്ടിലേതാണ് വിഗ്രഹം എന്നാണ് കരുതുന്നത്.
നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം അടുക്കത്തൊട്ടിയിലാണ് സംഭവം. ചന്ദ്രഗിരിപ്പുഴയുടെ മധ്യഭാഗത്തായി പ്രദേശവാസികളാണ് വിഗ്രഹം ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വിഗ്രഹത്തിന് സമീപമായി അനുബന്ധ ബലിക്കല്ലുകളും ഉണ്ടായിരുന്നു.
വലതു കയ്യിൽ കുതിരച്ചാട്ടയും ഇടത് കൈയിൽ താമര മൊട്ടുമുള്ള പാർത്ഥസാരഥി വിഗ്രഹമാണ് കണ്ടത്. കല്ലിലാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. മൂന്നടിയോളം ഉയരമുണ്ട്. പുനപ്രതിഷ്ഠയുടെ ഭാഗമായി ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് പുഴയിൽ നിമഞ്ജനം ചെയ്തതാകാമെന്നാണ് നിഗമനം.
അതേസമയം വിവരം അറിഞ്ഞ് ചരിത്ര ഗവേഷകർ സ്ഥലത്ത് എത്തി വിഗ്രഹത്തിൽ പരിശോധന നടത്തി. നിർമ്മാണ രീതിയിൽ നിന്നാണ് ഗവേഷകർ വിഗ്രഹം പത്താംനൂറ്റാണ്ടിലേത് ആണെന്ന നിഗമനത്തിൽ എത്തിയത്.
Discussion about this post