കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മെഡിക്കൽ സഹായം നിഷേധിക്കുന്നതായി പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ആളൂർ. ഒരു ഡോക്ടറെയാണ് കൊലപ്പെടുത്തിയത് എന്നതുകൊണ്ട് പ്രതിക്ക് യാതൊരു വൈദ്യസഹായവും ലഭിച്ചിട്ടില്ലെന്ന് ആളൂർ കോടതിയിൽ ചൂണ്ടിക്കാട്ടി. ആളൂരിന്റെ വാദം പരിഗണിച്ച കോടതി പ്രതിക്ക് വൈദ്യസഹായം ഉറപ്പിക്കാൻ നിർദ്ദേശം നൽകി.
പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി പ്രോസിക്യൂഷൻ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി അഞ്ച് ദിവസത്തേക്ക് കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു.
അഞ്ച് കാരണങ്ങളാണ് കസ്റ്റഡിയിൽ വാങ്ങുന്നതിന്റെ കാരണമായി പ്രോസിക്യൂഷൻ കോടതിയിൽ നിരത്തിയതെന്ന് ആളൂർ പറഞ്ഞു. വന്ദന ഉൾപ്പെടെയുളളവരെ കുത്താൻ ഉപയോഗിച്ച കത്രിക എങ്ങനെ പ്രതി കൈവശപ്പെടുത്തിയതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നതാണ് അതിൽ ഒരു കാരണമെന്നും ആളൂർ ചൂണ്ടിക്കാട്ടി. എന്നാൽ ആയുധം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തെളിവെടുപ്പെന്നും ആളൂർ കോടതിയിൽ ചോദിച്ചു.
പ്രതിയുടെ മാനസീക അവസ്ഥ ശരിയല്ലെന്നും അത് പരിശോധിക്കാനായി 15 ദിവസമെങ്കിലും ആവശ്യമുണ്ടെന്നുമായിരുന്നു ഒരു വാദം. എന്നാൽ പ്രതിക്ക് മാനസീക പ്രശ്‌നമില്ലെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്ന് ആളൂർ ചൂണ്ടിക്കാട്ടി. കരുതിക്കൂട്ടി തയ്യാറെടുക്കാതെ ഇങ്ങനൊരു കൊലപാതകം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദമെന്നും ആ വാദം നിലനിൽക്കില്ലെന്നും ആളൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതുൾപ്പെടെയുളള കാര്യങ്ങളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.
Discussion about this post