പത്തനംതിട്ട : ശബരിമല പൊന്നമ്പല മേട്ടിൽ പൂജ നടത്തിയത് വാച്ചർമാരുടെ അനുമതിയോടെയാണെന്ന് നാരായണ സ്വാമി. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പല മേട്ടിൽ പ്രവേശിച്ച് നാരായണ സ്വാമി പൂജ ചെയ്ത വീഡിയോ പ്രചരിച്ചതോടെ വനംവകുപ്പ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് ദേവസ്വം മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാൽ ഇതെല്ലാം ചെയ്തത് വാച്ചർമാരുടെ അനുമതിയോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് താമസം എന്ന് നാരായണ സ്വാമി പറഞ്ഞു. നേരത്തെ ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. എല്ലാ വർഷവും ശബരിമലയിൽ സന്ദർശം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീർത്ഥാടകനുമാണ്.
പൊന്നമ്പലമേട്ടിൽ പോയപ്പോൾ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. വാച്ചർമാരാണ് ഇവിടെ പ്രവേശിക്കാൻ അനുമതി നൽകിയത്. കൂടെയുണ്ടായിരുന്നവർ പൂജാ സാധനങ്ങൾ കൊണ്ടുവന്നവരാണ്. പൊന്നമ്പലമേട് അതീവ സുരക്ഷാ മേഖലയാണെന്ന് അറിയില്ലായിരുന്നുവെന്നും വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. പോലീസിൽ നിന്നോ വനം വകുപ്പിൽനിന്നോ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും നാരായണ സ്വാമി വ്യക്തമാക്കി.
തീർഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാർഥിക്കാറുണ്ട്. ഹിമാലയത്തിൽ ഉൾപ്പെടെ പോകുമ്പോൾ ഇങ്ങനെയാണ് ചെയ്യാറുള്ളത്. പൊന്നമ്പല മേട്ടിൽ പൂജ നടത്തിയാൽ എന്താണ് തെറ്റ് എന്ന് ചോദിച്ച അദ്ദേഹം അയ്യപ്പന് വേണ്ടി മരിക്കാൻ കൂടി തയ്യാറാണെന്ന് പറഞ്ഞു.
Discussion about this post