കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ വീണ്ടും ബോട്ടുകളുടെ അപകടസവാരി പതിവാകുന്നു. അനുവദിച്ചതിലും കൂടുതൽ ആളുകളെ കയറ്റി പോകരുതെന്ന് തീരസംരക്ഷണ സേനയും പോലീസും കർശന നിർദ്ദേശം നൽകിയിട്ടും ഇത് കാറ്റിൽ പറത്തിയാണ് സർവ്വീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം രണ്ട് ബോട്ടുകൾ ഇവിടെ നിന്നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കൂടുതൽ ആളുകളുമായി സർവ്വീസ് നടത്തിയ മറ്റൊരു ബോട്ട് കൂടി കസ്റ്റഡിയിലെടുത്തത്. മിനാർ എന്ന ബോട്ടാണ് അനുവദിച്ചതിലും മുപ്പത് പേരെ അധികം കയറ്റി യാത്ര നടത്തിയത്. 146 പേർ കയറാൻ അനുമതിയുളള ബോട്ടിൽ 176 പേരാണ് ഉണ്ടായിരുന്നത്.
വിനോദസഞ്ചാരികളുമായി സർവ്വീസ് നടത്തിയ ബോട്ട് തീരസംരക്ഷണ സേനയാണ് കൂടുതൽ ആളുകളുണ്ടെന്ന്് കണ്ടതിനെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് സെൻട്രൽ സ്‌റ്റേഷനിൽ നിന്ന് പോലീസെത്തി പരിശോധിക്കുകയായിരുന്നു. ബാക്കിയുളള യാത്രക്കാരിൽ അധികവും കുട്ടികളായിരുന്നുവെന്ന് ബോട്ടുടമ ന്യായീകരിച്ചെങ്കിലും അത് സത്യമല്ലെന്ന് പരിശോധനയിൽ ബോധ്യമായി. ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം സെന്റ് മേരി, സന്ധ്യ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. 13 പേർക്ക് മാത്രം കയറാൻ അനുമതിയുള്ള ബോട്ടുകളിൽ നാൽപ്പതിലധികം പേരെ വീതമാണ് കയറ്റിയത്. രണ്ടു ബോട്ടുകളിലേയും സ്രാങ്കുമാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആയിരക്കണക്കിന് സഞ്ചാരികൾ ദിവസവും എത്തുന്ന കൊച്ചി നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രമാണ് മറൈൻ ഡ്രൈവ്. അന്യസംസ്ഥാന സഞ്ചാരികൾ ഉൾപ്പെടെ ബോട്ട് സവാരി ആസ്വദിച്ച ശേഷമാണ് മടങ്ങുന്നത്. 22 പേരുടെ ജീവൻ കവർന്ന താനൂർ ദുരന്തത്തിന് ശേഷം ബോട്ട് ഉടമകളെ തീരസംരക്ഷണ സേനയും പോലീസും വിളിച്ച് ബോട്ടുകളിൽ അനുവദിച്ചിട്ടുളള സഞ്ചാരികളുടെ എണ്ണം പ്രദർശിപ്പിക്കണമെന്നും അതിൽ കൂടുതൽ ആളുകളെ കയറ്റരുതെന്നും ഉൾപ്പെടെയുളള നിർദ്ദേശങ്ങൾ നൽകിയിരുന്നു. രാത്രി 6.30 ക്ക് അവസാന ട്രിപ്പ് എടുത്ത് 7.30 ന് സർവ്വീസ് അവസാനിപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിബന്ധനകൾ ചില ബോട്ടുകൾ മാത്രമാണ് പാലിക്കുന്നത്.
Discussion about this post