ബംഗളൂരു: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്ക് തന്നെ നൽകാനൊരുങ്ങി ഹൈക്കമാൻഡ്. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ബംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.
നിയമസഭാകക്ഷിയോഗത്തോടനുബന്ധിച്ച് തന്നെ പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരോടും യോഗത്തിനെത്താൻ ഡി.കെ.ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച ഹൈക്കമാൻഡിന്റെ തലവേദന ഒഴിയുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് രാവിലെ തന്നെ ഈ വിവരം മാദ്ധ്യമങ്ങളെ നേരിൽ കണ്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി.കെ.ശിവകുമാറിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് പാളിയിരുന്നു. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഡി.കെ.ശിവകുമാർ താൻ മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു.
Discussion about this post