ബംഗളൂരു: കർണാടയിൽ മുഖ്യമന്ത്രിപദത്തിനായുള്ള പരസ്യപോരിന് അവസാനമായിട്ടും തലവേദന ഒഴിയാതെ കോൺഗ്രസ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയും പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയും താത്ക്കാലികമായി പ്രശ്‌നം പരിഹരിച്ച കോൺഗ്രസിനെ കാത്തിരിക്കുന്നത് , മന്ത്രിസ്ഥാനങ്ങൾ വിഭജിച്ച് നൽകുക എന്നുള്ളതാണ്. ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്ന് കേട്ട എംബി പാട്ടീലുൾപ്പെടെയുള്ള നേതാക്കന്മാർക്ക് ഏത് വകുപ്പ് നൽകും എന്നതുൾപ്പടെയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതിനിടെ, 65 ഓളം എംഎൽഎമാർ മന്ത്രിസ്ഥാനത്തിനായി പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടെന്നാണ് വിവരങ്ങൾ. വിജയത്തിന് കാരണക്കാരായ തങ്ങൾക്കും മന്ത്രിസ്ഥാനം വേണമെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. മന്ത്രിസഭയിൽ 34 അംഗങ്ങളെ മാത്രമേ ഉൾക്കൊള്ളിക്കാൻ സാധിക്കൂ എന്നിരിക്കേ, മന്ത്രിസ്ഥാനത്തിനായി നോട്ടമിട്ട് നിൽക്കുന്ന 65 എംഎൽഎമാരിൽ പകുതിയോളം പേരെ അനുനയിപ്പിക്കേണ്ടി വരും. പ്രാധാന്യമനുസരിച്ച് ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ നൽകുമെന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴേ അവകാശവാദങ്ങൾ ഉയർന്ന് തുടങ്ങി.
ഉപമുഖ്യമന്ത്രിസ്ഥാനം മുസ്ലീം സമുദായംഗത്തിന് നൽകണമെന്ന വഖഫ് ബോർഡിന്റെ ആവശ്യം നിരാകരിച്ചെങ്കിലും മുസ്ലീം എംഎൽഎയ്ക്ക് മന്ത്രിസ്ഥാനം നൽകി തൃപ്തിപ്പെടുത്തേണ്ടി വരും. 2019 ൽ കൂറുമാറിയവരിൽ പലരും സിദ്ധരാമയ്യുടെ അടുപ്പക്കാരായതിനാൽ ഇനിയൊകു കൂറുമാറ്റത്തിന് വഴിയൊരുക്കാതെ, മന്ത്രിപദവികൾ വിഭജിക്കേണ്ടി വരും. ഡികെ ക്യാമ്പിൽ നിന്നുള്ളവർക്ക് മന്ത്രിസഭയിൽ ഇടം നൽകുമ്പോൾ, സിദ്ധരാമയ്യ അനുകൂലികൾ ഇടയാതെ വേണം കാര്യങ്ങൾ നീക്കാൻ. അതായത്. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പിടിവലി സാമ്പിൾ മാത്രമായിരുന്നു. വെടിക്കെട്ടിനുള്ള വക അണിയറയിൽ പുകയുന്നുണ്ടെന്ന് സാരം.
Discussion about this post