തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ ദുരൂഹമരണത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി അസ്മിയയുടെ മാതാവ് റഹ്‌മത്ത് ബീവി രംഗത്ത്. അസ്മിയ ആത്മഹത്യ ചെയ്ത വിവരം പോലും സ്ഥാപന അധികൃതർ മറച്ചുവച്ചുവെന്നും, ആശുപത്രിയിലെത്തിക്കാൻ ആരും സഹായിച്ചില്ലെന്നും മാതാവ് വെളിപ്പെടുത്തി.
‘നീ നന്നാകില്ലെന്ന്’ സ്ഥാപനത്തിലെ അദ്ധ്യാപിക അസ്മിയയെ നിരന്തരം ശപിച്ചിരുന്നുവെന്ന് മാതാവ് കുറ്റുപ്പെടുത്തി. സഹപാഠികളോട് സംസാരിക്കാൻ പോലും മകളെ അനുവദിച്ചിരുന്നിലെന്നാണ് റഹ്‌മത്ത് ബീവിയുടെ ആരോപണം.
ഉമ്മയുടെ വാക്കുകളിലേക്ക്…
ലീവ് കഴിഞ്ഞ് മകളെ ഒന്നാം തീയതി തന്നെ സ്ഥാപനത്തിൽ കൊണ്ടുവിടാൻ സ്ഥാപന അധികൃതർ ആവശ്യപ്പെട്ടു. അന്ന് നല്ല മഴയായിരുന്നതിനാൽ പിറ്റേദിവസം പോകാമെന്ന് മകൾ പറഞ്ഞു. എപ്പോഴും തന്നെ ഒരു അദ്ധ്യാപിക ശപിക്കുന്നതിനെ പറ്റി അസ്മിയ പരാതി പറഞ്ഞു. നീ ഒരിക്കലും നന്നാകില്ല എന്നായിരുന്നു അദ്ധ്യാപിക പ്രാകിയിരുന്നത്. മകൾ തന്നോട് പരാതി പറഞ്ഞപ്പോൾ, ഉസ്താദ് കുറ്റപ്പെടുത്തിയെന്നും ‘ നീയെന്തിനാണ് ഉമ്മയോട് പറയാൻ പോയതെന്നും, ഉമ്മയാണോ ഇതെല്ലാം പരിഗണിക്കുന്നതെന്ന് ചോദിച്ചെന്നും റഹ്‌മത്ത് ബീവി പറഞ്ഞു.
വെള്ളിയാഴ്ച വിളിക്കുന്ന മകൾ അന്ന് വിളിച്ചില്ല. ഉസ്താദിനെ വിളിച്ചപ്പോൾ നാളെ വിളിക്കുമെന്ന് പറഞ്ഞു. ശനിയാഴ്ച രണ്ടരക്ക് മകൾ വിളിച്ചു. ഫോണിലൂടെ കരഞ്ഞു.. ഉമ്മാ എന്നെ ഇവിടെ നിന്ന് കൊണ്ടുപോകൂ എന്നായിരുന്നു കരച്ചിലെന്ന് റഹ്‌മത്ത് ബീവി ഓർക്കുന്നു. ഉസ്താദ് തന്നെ ഒറ്റ മുറിയിൽ കൊണ്ടിട്ടെന്നും. ആരോടും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും കരഞ്ഞു പറഞ്ഞു. നിസ്‌കാര ഹാളിൽ കയറിയാൽ അവൾക്ക് ഭയങ്കര സംസാരവും ചിരിയും കളിയുമാണ്, തമാശയാണ്, അവൾക്ക് നല്ല വൃത്തിയായി ഞാൻ നല്ല ചീത്ത കൊടുത്തിട്ടുണ്ട്, വയറുനിറച്ച് ചീത്ത കൊടുത്തിട്ടുണ്ടെന്നായിരുന്നു ഉസ്താദ് പറയാറുള്ളത്. പന്തികേട് തോന്നി അപ്പോൾ തന്നെ ഓട്ടോ വിളിച്ച് സ്ഥാപനത്തിലെത്തി.
സ്ഥാപനത്തിലെത്തി കാത്തിരുന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും മകൾ എത്തിയില്ല. ആ സമയം രണ്ട് ഉസ്താദുമാരെത്തി, നിങ്ങൾ തളർന്ന് വീഴരുതെന്നും ഇരിക്കണമെന്നും പറഞ്ഞു. അവൾക്ക് സുഖമില്ലെന്നും, ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോ വല്ലതും ഉണ്ടെങ്കിൽ വിളിച്ചിട്ട് വരാനും ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കാൻ ആരും സഹായിച്ചില്ല. ആശുപത്രിയറിയാതെ കുറേ അലഞ്ഞു. അപ്പോഴും മകൾ ബോധം കെട്ട് കിടക്കുകയാണെന്നാണ് കരുതിയതെന്നും മരിച്ചത് അറിയില്ലായിരുന്നുവെന്നും ഉമ്മ പറയുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് ഉമ്മ കൂട്ടിച്ചേർത്തു. മകളെ ഒറ്റമുറിയിലാക്കിയത് എന്തിനെന്നും ആരോടും സംസാരിക്കാൻ അനുവദിക്കാത്തത് എന്തിനായിരുന്നുവെന്നും റഹ്‌മത്ത് ബീവി ചോദിക്കുന്നു.
ഇടമനക്കുഴി ഖദീജത്തുൽ ഖുബ്ര വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപ്പള്ളി സ്വദേശി അസ്മിയമോളെ (17) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Discussion about this post