മോസ്‌കോ: 500ലധികം അമേരിക്കക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റഷ്യ. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഉൾപ്പെടെ ഉള്ളവരെയാണ് റഷ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് മറുപടിയായിട്ടാണ് യുഎസ് എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റഷ്യൻ വിദേശകാര്യ മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
ഒബാമയ്ക്ക് പുറമെ മുൻ യുഎസ് അംബാസഡർ ജോൺ ഹണ്ട്സ്മാൻ, യുഎസ് സെനറ്റർമാർ, അമേരിക്കൻ ടിവി ഷോ അവതാരകരായ ജിമ്മി കിമ്മൽ, കോൾബെർട്ട്, സേത്ത് മെയേഴ്സ് എന്നിവരും വിലക്ക് കിട്ടിയവരിൽ ഉൾപ്പെടുന്നു. സർക്കാർ, നിയമ സംവിധാനങ്ങൾ വഴി വിമതരെ നേരിട്ടോ അല്ലാതെയോ പീഡിപ്പിക്കുന്നതിൽ പങ്കാളികളായവരാണ് തങ്ങൾ പുറത്ത് വിട്ട പട്ടികയിലുള്ളതെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം പറയുന്നു.
ബൈഡന്റെ ഭരണകൂടം നടപ്പാക്കുന്നത് പൂർണമായും റഷ്യാ വിരുദ്ധ പ്രവർത്തനങ്ങളാണെന്നും ഇവർ ആരോപിക്കുന്നു. യുക്രെയ്‌നുമായുള്ള യുദ്ധത്തിന് പിന്നാലെ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ തളർത്തുക എന്ന ലക്ഷ്യത്തിൽ നൂറ് കണക്കിന് കമ്പനികളേയും വ്യക്തികളേയും അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. റഷ്യയ്‌ക്കെതിരെ പ്രതികാര ബുദ്ധിയോടെ നടത്തുന്ന ഓരോ പ്രവർത്തിക്കും ശക്തമായ മറുപടി ലഭിക്കാതെ പോകില്ലെന്ന് അമേരിക്ക നേരത്തെ തന്നെ പഠിക്കേണ്ടതായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
Discussion about this post