കണ്ണൂർ: കൂത്തുപറമ്പിൽ വൻ ലഹരി വേട്ട. നെതർലാന്റിൽ നിന്നും ഓൺലൈനായി എത്തിച്ച എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടി. 70 സ്റ്റാമ്പുകളാണ് എക്‌സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗിനെ വീടിന് സമീപം വച്ച് അറസ്റ്റ് ചെയ്തു.
കൂത്ത്പറമ്പ് പോസ്റ്റ് ഓഫിസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന മയക്കുമരുന്നിനെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക നീക്കത്തിനൊടുവിലായിരുന്നു സ്റ്റാമ്പ് പിടികൂടിയത്.
മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തതെന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നതെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ് കോയിൻ കൈമാറ്റം വഴിയാണ് എൽസ്എഡി ഓർഡർ ചെയ്തത്. കഞ്ചാവ് കൈവശം വച്ചതിന് ശ്രീരാഗിന്റെ പേരിൽ മുൻപും കൂത്തുപറമ്പ് എക്‌സൈസ് കേസെടുത്തിട്ടുണ്ട്.
ലഹരി വസ്തുക്കളിൽ ഏറ്റവും മാരകമായ ഇനങ്ങളിൽപ്പെട്ട ഒന്നാണ് എൽഎസ്ഡി. പ്രതിയുടെ കയ്യിൽ നിന്നും പിടികൂടിയ 70 സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണെന്ന് എക്സെെസ് അറിയിച്ചു . 100 മില്ലിഗ്രാം കൈവശം വച്ചാൽ പോലും 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വില മതിക്കും.
Discussion about this post