കൊച്ചി : കുഞ്ചാക്കോ ബോബൻ നായകനായ ”ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധ നേടിയ പ്രണയ ജോഡികളാണ് സുരേശനും സുമതല ടീച്ചറും. സിനിമ റിലീസ് ആയതിന് പിന്നാലെ ഈ റോളുകൾ അഭിനയിച്ച നടൻ രാജേഷ് മാധവനും നടി ചിത്ര നായരും സമൂഹമാദ്ധ്യമങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. ഇപ്പോഴിതാ ഇവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇവരുടെ ഡാൻസ് വീഡിയോ രാജേഷ് മാധവൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ”ഇറ്റ്‌സ് ഓഫീഷ്യൽ” എന്ന ക്യാപ്ഷനോടെയാണ് സേവ് ദ ഡേറ്റ് വീഡിയോ പുറത്തുവിട്ടത്. മെയ് 29 ന് വിവാഹം എന്നാണ് വീഡിയോയിൽ പറയുന്നത് എങ്കിലും ഇത് സിനിമ പ്രമോഷൻ ആണെന്നാണ് സൂചന. രതീഷ് ബാലകൃഷ്ണ പൊതുവാളിൻറെ പുതിയ ചിത്രത്തിൻറെ പ്രമോഷനാണ് വീഡിയോ എന്നാണ് വിവരം. ചൂണ്ടലാണ് ചൂണ്ടലാണ് നിന്റെ കണ്ണേറ് എന്ന ഗാനമാണിത്.
കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി, ന്നാ താൻ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ രാജേഷ് ശ്രദ്ധയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെ രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ വിവരങ്ങളും പുറത്ത് വിട്ടിരുന്നു. പെണ്ണും പൊറാട്ടും എന്നാണ് ചിത്രത്തിൻറെ പേര്.
Discussion about this post