കോട്ടയം: വനംമന്ത്രി എ.കെ.ശശീന്ദ്രനെ മയക്കു വെടിവയ്‌ക്കേണ്ട സാഹചര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണമലയിൽ കാട്ടുപോത്തിന്റെ ആകമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ചാക്കോയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
”വനം വകുപ്പ് മന്ത്രിക്കും വനം വകുപ്പിനും എന്ത് പറ്റിയെന്നാണ് ഞാൻ ചോദിക്കുന്നത്. അഞ്ചലിൽ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കൊന്നിരിക്കുകയാണ്. അതും നായാട്ട് സംഘം ആക്രമിച്ചത് കൊണ്ടാണോ? വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് വനംമന്ത്രി പറയുന്നത്. സ്ഥലകാല വിഭ്രാന്തി സംഭവിച്ചതു പോലെയാണ് വനംമന്ത്രി പ്രതികരിക്കുന്നത്. ഇതിന് പരിഹാരം എന്താണെന്നല്ലേ വനംവകുപ്പ് ചിന്തിക്കേണ്ടത്? വനംമന്ത്രിക്ക് മയക്കു വെടിവയ്ക്കുകയാണ് വേണ്ടത്. അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാകുന്നില്ല. രണ്ട് മൂന്ന് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിക്കുമ്പോൾ മന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്നും” രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്താത്ത വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. കാട്ടുപോത്തിന് വെടിയേറ്റതിനെ തുടർന്നുള്ള പ്രകോപനമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന വനംവകുപ്പിന്റെ നിലപാട് നാട്ടുകാർ തള്ളി. വനംവകുപ്പ് ഇതുവരെ കാണാത്ത കാട്ടുപോത്തിന് വെടിയേര്‌റെന്ന് എങ്ങനെയാണ് കണ്ടെത്തിയതെന്നും നാട്ടുകാർ ചോദിക്കുന്നു.
Discussion about this post