തിരുവനന്തപുരം: കേരള സർവ്വകലാശാലാ യൂണിയൻ ഭാരവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയത് എഫ്‌ഐആറിൽ പിഴവ്. എസ്എഫ്‌ഐ നേതാവും കേസിലെ പ്രധാന പ്രതികളിൽ ഒരാളുമായ വിശാഖിന്റെ വയസ്സ് രേഖപ്പെടുത്തിയതിലാണ് ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്. 25 വയസ്സാണ് വിശാഖിന്റെ പ്രായം എന്നാണ് കേരള സർവ്വകലാശാലയിൽ നിന്നുള്ള രേഖകളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ എഫ്‌ഐആറിൽ പോലീസ് രേഖപ്പെടുത്തിയ പ്രായം ഇതിനേക്കാൾ കുറവാണ്.
കേസിലെ രണ്ടാം പ്രതിയാണ് വിശാഖ്. ഒന്നാം പ്രതി കാട്ടാക്കട കോളേജിലെ പ്രിൻസിപ്പാൾ ജി.ജെ ഷൈജുവാണ്. അദ്ദേഹത്തിന്റെ പ്രായം 49 എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിശാഖിന് 19 വയസ്സാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിയ്ക്കാൻ വേണ്ടി മനപ്പൂർവ്വം വയസ്സ് മാറ്റി എഴുതിയതാണെന്ന് ഉയരുന്ന ആരോപണം. പിന്നിൽ സിപിഎം പ്രാദേശിക നേതാക്കളാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം വിശാഖിന്റെ ജനനതീയതി 25-09-1998 ആണ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഇതോടെയാണ് എസ്എഫ്‌ഐ ആൾമാറാട്ടം നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇത് പുറത്തുവരികയായിരുന്നു.
സംഭവത്തിൽ സർവ്വകലാശാല ആൾമാറാട്ടത്തിന് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലായിരുന്നു പോലീസ് കേസ് എടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പ്രിൻസിപ്പാൾ ഷൈജുവിനെ അദ്ധ്യാപക സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
Discussion about this post