കൊൽക്കത്ത: മമത സർക്കാരിന്റെ ഭരണത്തിന് കീഴിൽ പശ്ചിമ ബംഗാളിലെ ക്രമസമാധാന നില താറുമാറായെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ അവസ്ഥ യുക്രെയ്‌നേക്കാൾ കഷ്ടമാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം വീണ്ടെടുക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി സ്‌ഫോടന പരമ്പരകൾ അരങ്ങേറുകയാണ്. ഇവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ആകട്ടെ അനധികൃത പടക്ക നിർമ്മാണ ശാലകളിലേക്കുമാണ്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി ഇത്തരം പടക്ക നിർമ്മാണ ശാലകൾ പ്രവർത്തിക്കുമ്പോൾ ഇതിനെതിരെ നടപടി സ്വീകരിക്കാൻ മമത സർക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വിമർശനവുമായി സുവേന്ദു അധികാരി രംഗത്ത് എത്തിയത്.
പശ്ചിമ ബംഗാളിലെ സാഹചര്യത്തിൽ യുക്രെയിനിനെക്കാൾ കഷ്ടമാണെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. ബംഗാളിൽ ഉണ്ടായതിനേക്കാൾ കുറവ് സ്‌ഫോടനങ്ങൾ ആണ് യുക്രെയിനിൽ ഉണ്ടായത്. ഇടയ്‌ക്കെങ്കിലും യുക്രെയിനിൽ ഒരു ശാന്തത ഉണ്ടാകാറുണ്ട്. എന്നാൽ ബംഗാളിൽ അതില്ല. തുടർച്ചയായി സ്‌ഫോടനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ഹർജി സുപ്രീംകോടതി ഈ മാസം 26 ന് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ടും സുവേന്ദു അധികാരി പ്രതികരിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് സിബിഐയും ഇൻഫോഴ്‌സ്‌മെന്റും മമതയും സഹോദര പുത്രനും ചെയ്യുന്ന കാര്യങ്ങളിൽ മിണ്ടാതിരിക്കണം?. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാർ 400 ൽ കൂടുതൽ സീറ്റുകൾ സ്വന്തമാക്കുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
Discussion about this post