തിരുവനന്തപുരം : 58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തി പുറത്തെടുത്തു. തിരുവനന്തപുരം കിംസ്‌ഹെൽത്തിലെ വിദഗ്ദ്ധ സംഘമാണ് രണ്ട് മണിക്കൂർ നീണ്ട് നിന്ന സങ്കീർണ്ണ എൻഡോസ്‌കോപ്പിക് പ്രൊസീജിയറിലൂടെ കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന് വിരയെ പുറത്തെടുത്തത്.
രണ്ട് ദിവസമായി രോഗിയുടെ വലതു കണ്ണിൽ വേദന നിറഞ്ഞ വീക്കവും ചുവപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് കിംസ് ഹെൽത്തിലെ ഇഎൻടി വിഭാഗത്തിലെത്തുന്നത്. സിടി സ്‌കാനിൽ സൈനസ്സിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടു (ഓർബിറ്റൽ സെല്ലുലൈറ്റിസ് വിത്ത് അബ്സസ്സ്)).
കണ്ണിന്റെ കൃഷ്ണമണിക്കും ചുറ്റുമുള്ള പാളികളിലും വീക്കം സംഭവിക്കുന്ന രോഗാവസ്ഥയാണ് ഓർബിറ്റൽ സെല്ലുലൈറ്റിസ്. രോഗിയിൽ നടത്തിയ അൾട്രാ സൗണ്ട് സ്‌കാനിലാണ് കണ്ണിനുള്ളിൽ ജീവനുള്ള വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. മൈക്രോസ്‌കോപ്പിക് പരിശോധനയിൽ ‘ഡയറോഫിലാരിയ’ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇഎൻടി വിഭാഗം കൺസൾട്ടൻറ് ഡോ. വിനോദ് ഫെലിക്സിന്റെ നേതൃത്വത്തിൽ എൻഡോസ്‌കോപ്പിക് സൈനസ് സർജറിക്ക് പുറമെ ഓർബിറ്റൽ അബ്സസ്സ് ഡ്രെയിനേജ് പ്രൊസീജിയറിലൂടെയുമാണ് വിരയെ പുറത്തെടുത്തത്.
സാധാരണയായി പൂച്ചകളിലും നായകളിലും മറ്റ് വളർത്തുമൃഗങ്ങളിലും കണ്ടു വരുന്ന ‘ഡയറോഫിലാരിയ’, കൊതുകുകളിലൂടെയാണ് മനുഷ്യ ശരീരത്തിലെത്തുന്നത്. മനുഷ്യ ശരീരത്തിൽ എത്തിയാൽ നശിക്കുന്ന ഇവ, അപൂർവ്വം ചിലരിൽ നശിക്കാതെ ത്വക്കിനടിയിൽ, പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റുമായി വളരുന്നു.
ഇന്ത്യയിൽ വളരെ ചുരുക്കം കേസുകൾ മാത്രമേ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഈ വിരയാണ് കണ്ണിലും സൈനസ്സിലും പഴുപ്പ് നിറയാൻ കാരണമായതെന്നും അത് നീക്കം ചെയ്തതിലൂടെ മറ്റ് മരുന്നുകളൊന്നും ഇല്ലാതെ തന്നെ രോഗം ഭേദമാക്കാൻ സാധിച്ചെന്നും ഡോ. വിനോദ് ഫെലിക്സ് പറഞ്ഞു. ഇഎൻടി വിഭാഗം സീനിയർ റെസിഡന്റ് ഡോ. ലക്ഷ്മി എ, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. ശാലിനി എന്നിവർ ശസ്ത്രക്രിയയുടെ ഭാഗമായി.
Discussion about this post