ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. പാർലമെന്റ് അനക്‌സ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ലൈബ്രറി രാജീവ് ഗാന്ധിയുമാണ് ഉദ്ഘാടനം ചെയ്തത്. അങ്ങനെയെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.
”1975 ഓഗസ്റ്റിൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാർലമെന്റ് അനക്‌സ് ഉദ്ഘാടനം ചെയ്തു. പിന്നീട് 1987 ൽ രാജീവ് ഗാന്ധി പാർലമെന്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രിമാർക്ക് അവ ഉദ്ഘാടനം ചെയ്യാമെങ്കിൽ, എന്തുകൊണ്ടാണ് നരേന്ദ്ര മോദിക്ക് ഉദ്ഘാടനം ചെയ്യാൻ സാധിക്കില്ലെന്ന് പറയുന്നത്” ഹർദീപ് സിംദ് പുരി ചോദിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തെ വിമർശിക്കുകയും അതിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നവർ നേരത്തെ ഇതിന്റെ ആവശ്യകത അറിയിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. മേയ് 28-ന് സ്പീക്കർ ഓം ബിർളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ്. ഇതുസംബന്ധിച്ച് പാർലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും ചടങ്ങുകൾ. ഉദ്ഘാടനച്ചടങ്ങിലേക്ക് പാർലമെന്റ് അംഗങ്ങൾക്കു പുറമേ മറ്റു പ്രമുഖർക്കും ക്ഷണമുണ്ട്.
Discussion about this post