ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അധികാരത്തിൽ അഞ്ച് വർഷം പൂർത്തിയാക്കുമെന്ന കർണാടക മന്ത്രി എം ബി പാട്ടീലിന്റെ പ്രസ്താവനയെ ചൊല്ലി കർണാടക കോൺഗ്രസിനുള്ളിൽ തർക്കം. സിദ്ധരാമയ്യയേയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ഇപ്പോൾ ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനേയും മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ അനുവദിക്കാമെന്ന ഉറപ്പിലാണ് കോൺഗ്രസ് സർക്കാർ രൂപീകരണം നടത്തിയത്.
എന്നാൽ സിദ്ധരാമയ്യ തന്നെ സിദ്ധരാമയ്യ അഞ്ച് വർഷത്തേക്ക് സർക്കാരിനെ നയിക്കുമെന്നാണ് എംബി പാട്ടീൽ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്ഥാനം പങ്കിടാനുള്ള സാധ്യതകൾ ഇല്ലെന്നും ഇയാൾ പറഞ്ഞിരുന്നു. ‘സിദ്ധരാമയ്യ അഞ്ച് വർഷം മുഖ്യമന്ത്രിയാകും. അധികാരം പങ്കിടാനുള്ള യാതൊരു സാധ്യതകളും ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ അത് അദ്ദേഹം മാദ്ധ്യമങ്ങളോട് പറയുമായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനം പങ്കിടാനുള്ള നീക്കങ്ങളൊന്നും ഇല്ല. എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞതുപോലെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും എംബി പാട്ടീൽ പറഞ്ഞിരുന്നു.
അതേസമയം എം.ബി.പാട്ടീലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശിവകുമാർ രംഗത്തെത്തി. ഇതിനോട് നേരിട്ട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, ഹൈക്കമാൻഡ് ഇക്കാര്യം ശ്രദ്ധിക്കുമെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം.പാട്ടീൽ പറഞ്ഞതിനോട് തനിക്കും രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാമെന്നും, എന്നാൽ തത്കാലം അങ്ങനെ ചെയ്യാനില്ലെന്നുമാണ് ഡി.കെ.ശിവകുമാറിന്റെ സഹോദരനും ബാംഗ്ലൂർ റൂറൽ എംപിയുമായ ഡി.കെ.സുരേഷ് വിഷയത്തിൽ പ്രതികരിച്ചത്
Discussion about this post